കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നെന്ന് ചൈന ! ചൈനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

ലോകത്തെ കാര്‍ന്നുതിന്നു മുന്നേറുന്ന കോവിഡ്19 വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് പല ലോകരാജ്യങ്ങളും ആരോപിക്കുമ്പോള്‍ വൈറസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന വാദവുമായി ചൈന രംഗത്ത്.

2019 ഡിസംബറിനു മുന്നേ തന്നെ രോഗം യുഎസില്‍ പ്രചരിച്ചിരുന്നതായി അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നുവെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് പറയുന്നു. ഇത് അന്വേഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം.

അടുത്തിടെ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പുറത്തുവിട്ട പഠനത്തില്‍ അഞ്ചു യുഎസ് സ്റ്റേറ്റുകളില്‍നിന്നായി ഏഴു പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതായി പറയുന്നു.

ഔദ്യോഗികമായി കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ മുന്‍പായിരുന്നു ഇത്. നിരീക്ഷണങ്ങളും പഠനങ്ങളും ഇനി യുഎസിലേക്കു മാറ്റണം.

ബയോളജിക്കല്‍ ലബോറട്ടറികളുള്ള യുഎസില്‍ ആദ്യ ഘട്ടത്തില്‍ പരിശോധന വളരെ പതുക്കെയാണ് നടന്നതെന്നും സെങ് ഗുവാങ് പറഞ്ഞു.

യുഎസിലെ ജൈവായുധങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ്-19ന് വിവിധ പ്രഭവകേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് തികച്ചും സാധാരണമാണ്. അതിനാല്‍ മറ്റു രാജ്യങ്ങളും ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുമായി സഹകരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജാന്‍ പറഞ്ഞു.

2019ല്‍ കോവിഡ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലായിരുന്നു. ഇവിടുത്തെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നതെന്നും തീവ്രമായി പടര്‍ന്നതെന്നുമാണ് നിലവിലെ ആരോപണങ്ങള്‍.

ഇതു സംബന്ധിച്ച് വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണ്. നേരത്തെ പുറത്തുവന്ന മറ്റൊരു പഠനത്തില്‍ കൊറോണ വൈറസ് 2019 സെപ്റ്റംബറിന്റെ തുടക്കത്തില്‍ യൂറോപ്പിലുണ്ടായിരുന്നതായി പറഞ്ഞിരുന്നുവെന്നും സാവോ ലിജാന്‍ വ്യക്തമാക്കി.

Related posts

Leave a Comment