ആക്ഷനും കട്ടുമില്ല..! തീയറ്റര്‍ വിഹിതത്തിലെ തര്‍ക്കം; ഇന്നു മുതല്‍ സിനിമ ഷൂട്ടിംഗും റിലീസിംഗുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

ekm-theatureകൊച്ചി: കേരളത്തില്‍ ഇന്നു മുതല്‍ പുതിയ സിനിമകളുടെ നിര്‍മാണമുണ്ടാകില്ല. സിനിമകളുടെ തീയറ്റര്‍ വിഹിതം പങ്കിടുന്നതിനെച്ചൊല്ലി തീയറ്ററുടമകളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ പുതിയ സിനിമകളുടെ നിര്‍മാണം ഇന്നു മുതല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനമെടുത്തിരുന്നു. ഇതോടൊപ്പം തര്‍ക്കം പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ക്രിസ്മസിനു പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നും നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യ ചിത്രം ഫുക്രി തുടങ്ങിയവയുടെ റിലീസ് അനിശ്ചിതത്വത്തിലായി. ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ് ഇന്നു തീരുമാനിച്ചിരുന്നതായിരുന്നു. 23നു റിലീസ് തീരുമാനിച്ച മോഹന്‍ലാല്‍ ചിത്രവും റിലീസിനു നല്‍കേണ്ട എന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതേസമയം തമിഴ്, ഹിന്ദി റിലീസുകളെ തീരുമാനം ബാധിക്കില്ലെന്നാണ് സൂചന. ഇതോടെ ക്രിസ്മസിന് അന്യഭാഷചിത്രങ്ങള്‍ കേരളത്തിലെ തീയറ്ററുകളില്‍ കൊയ്ത്ത് നടത്തുമെന്നുറപ്പായി.

തീയറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലപാട് സ്വീകരിച്ചതോടെയാണ് നിര്‍മാതാക്കള്‍ക്കും തീയറ്ററുടമകള്‍ക്കും ഇടയില്‍ പ്രതിസന്ധി രൂക്ഷമായത്. അതേസമയം, തങ്ങളുടെ ആവശ്യം പരിഗണിക്കുന്ന നിര്‍മാതാക്കളുമായി സഹകരിക്കാനാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഫിലിം ഫെസ്റ്റിവലിന്റെ തിരക്കുകള്‍ക്കു ശേഷം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായും നിര്‍മാതാക്കളുടെ സംഘടനകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് സൂചനയുണ്ട്.

സിനിമകള്‍ റിലീസ് ചെയ്യാത്ത സാഹചര്യത്തില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മിക്കുന്നതു പിന്നീട് സിനിമകള്‍ കൂട്ടത്തോടെ റിലീസ് ചെയ്യേണ്ട സാഹചര്യമുണ്ടാക്കുമെന്ന് നിര്‍മാതാവ് എം.രഞ്ജിത് പറഞ്ഞു. ഇതുമൂലം സിനിമകള്‍ക്കു തിയറ്റര്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഈ സാഹചര്യമുണ്ടാകാതിരിക്കാനാണ് പുതിയ സിനിമകള്‍ നിര്‍മിക്കേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ 23 സിനിമകള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിനു തയാറായിട്ടുണ്ട്. ഇതിനൊപ്പം ഷൂട്ടിംഗ് നടക്കുന്ന 11 സിനിമകള്‍ കൂടിയാകുമ്പോള്‍ തിയറ്ററുകളില്‍ ക്ലാഷ് ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് ഇന്നു മുതല്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കേണ്ട എന്ന് തീരുമാനിച്ചത്. നിലവില്‍ ഷുട്ടിംഗ് നടക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം തുടരുമെന്നും എം.രഞ്ജിത്ത് പറഞ്ഞു.

Related posts