ഇന്ത്യന്‍ പൗരത്വത്തിനു വില 5000 രൂപ ! നവിമുംബൈയില്‍ അറസ്റ്റിലായ ലത്തീഫ് ഗാസി വ്യാജരേഖകളുപയോഗിച്ച് ഇന്ത്യാക്കാരാക്കി മാറ്റിയത് 65 ബംഗ്ലാദേശികളെ, സഹായത്തിന് വക്കീലന്മാരും

Latif-Azeem-Gazhi650

ഒരാള്‍ക്ക് അന്യരാജ്യത്തെ പൗരത്വം കിട്ടണമെങ്കില്‍ അനവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി മറിച്ചായിക്കൊണ്ടിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വെറും 5000 രൂപ കൊടുത്താല്‍ വ്യാജരേഖകളുപയോഗിച്ച് ആര്‍ക്കും ഇന്ത്യന്‍ പൗരത്വം കിട്ടുമെന്ന സ്ഥിതിയിലേക്കാണ് രാജ്യത്തിന്റെ പോക്ക്. നവി മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ലത്തീഫ് അസിം ഗാസി ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 62കാരനായ ഇയാള്‍ വ്യാജരേഖകളുപയോഗിച്ച് അനവധി ബംഗ്ലാദേശികളെയാണ് ഇന്ത്യന്‍ പൗരന്മാരാക്കി മാറ്റിയത്.

1971ലെ ഇന്തോ-പാക് യുദ്ധകാലത്ത് ഇന്ത്യയിലെത്തിയ ബംഗ്ലാദേശിയാണ് ഗാസി. പിന്നീട് ഇയാള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. കുറച്ചുവര്‍ഷം മുമ്പ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ബംഗ്ലാദേശികളെ സമീപിച്ചാണ് ഇയാള്‍ പൗരത്വം വില്‍ക്കുന്നത്. അറസ്റ്റിലാവുന്നവര്‍ കിലാ കോടതികളില്‍ വിചാരണ നേരിടാനൊരുങ്ങുമ്പോഴാണ് ഇയാള്‍ സഹായവുമായെത്തുന്നത്.ഇയാള്‍ തയ്യാറാക്കുന്ന രേഖകള്‍ കോടതികളില്‍ ഹാജരക്കുന്നതോടെ ഇവര്‍ ഇന്ത്യന്‍ പൗരന്മാരായി മാറുകയാണ്. അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ പണ്ടേ ആരോപണങ്ങളുണ്ടായിരുന്നു.

ചില വക്കീലന്മാരും ഇയാളുടെ സഹായിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. വക്കീലുമാര്‍ മുഖേനയാണ് ജയിലില്‍ കിടക്കുന്ന ബംഗ്ലാദേശികളുടെ വിരലടയാളങ്ങള്‍ ഇയാള്‍ സംഘടിപ്പിക്കുന്നത്. പിന്നീട് അതുപയോഗിച്ച് വ്യാജഡോക്യുമെന്റുകള്‍ നിര്‍മിക്കുന്നതാണ് രീതി. 3000 രൂപയാണ് ഓരോ പ്രാവശ്യവും ഈയിനത്തില്‍ ഇയാള്‍ വക്കീലന്മാര്‍ക്ക് നല്‍കിയിരുന്നതെന്നും പോലീസ് പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ്, പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ജാനയിലെ ഹസ്‌നാബാദ് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഇയാള്‍ നല്‍കി വന്നിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ കുറ്റം ആരോപിക്കപ്പെടുന്ന ആളുകള്‍ക്കെല്ലാം ജാമ്യവും ലഭിച്ചിരുന്നു. അറസ്റ്റിലാകുന്നതുവരെ 65പേരെ ഗാസി ഇത്തരത്തില്‍ ഇന്ത്യന്‍ പൗരന്മാരാക്കിയെന്നാണ് കണക്ക്.

പോലീസ് ഹസ്‌നാബാദ് ജില്ലയില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെയുള്ള ആരും ഇത്തരത്തിലുള്ള ലെറ്റര്‍ഹെഡ് ഇറക്കിയില്ലെന്നുള്ള അറിവാണ് ലഭിച്ചത്. തുടര്‍ന്നാണ് ഗാസിയെ പിടിക്കൂടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുതാനും. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ ഗാസി ഇന്ത്യക്കാരാക്കി മാറ്റിയ 65 ബംഗ്ലാദേശികള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ സഹായിച്ച വക്കീലന്മാരെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. വിവിധ വകുപ്പുകളിലായി 10 മുതല്‍ 13 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് ഗാസിയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.

Related posts