നന്മയുടെ ബസ്… സിഐടിയു തൊഴിലാളികളില്‍ നിന്ന് പിരിവെടുത്ത് കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കും

ktm-ksrtcജിബിന്‍ കുര്യന്‍

കോട്ടയം: നഷ്ടത്തിലേക്കു കൂപ്പുകുത്തി പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് തൊഴിലാളി യൂണിയന്റെ കൈത്താങ്ങ്.  കെഎസ്ആര്‍ടിസിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ്  റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (കെഎസ്ആര്‍ടിഇഎ സിഐടിയു) കോര്‍പറേഷന് ബസ് വാങ്ങി നല്‍കുന്നു. കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് “ഉയിര്‍പ്പിന് ഉണര്‍ത്തുപാട്ടായി നന്‍മയുടെ ഒരു ബസ്’ എന്ന പേരില്‍ ബസ് വാങ്ങി നല്‍കുന്നത്.

ഇതിനുള്ള തുക യൂണിയന്റെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ജോലി ചെയ്യുന്ന ഇരുപതിനായിരത്തിലധികം അംഗങ്ങളില്‍ നിന്നുള്ള സംഭാവനയായിട്ടാണ് വാങ്ങുന്നത്. ഇതിന്‍പ്രകാരം യൂണിയന്‍ അംഗങ്ങള്‍ നവംബര്‍ മാസത്തെ ശമ്പളത്തിലെ ഒരു വിഹിതം യൂണിയനു നല്‍കും. ഇതിനായി യൂണിയന്‍ അംഗങ്ങള്‍ തങ്ങളുടെ ശമ്പളത്തിലെ തുക റിക്കവറി നടത്തി യൂണിയനു നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനേജിംഗ് ഡയറക്ടര്‍ക്ക്  കത്തു നല്‍കും. ഓരോ അംഗങ്ങളും മിനിമം 1000രൂപ മുതല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള തുകയാണ് സംഭാവനയായി നല്‍കുന്നത്.

20 ലക്ഷം രൂപയാണ് യൂണിയന്‍ പ്രതീക്ഷിക്കുന്നത്.   ഒരു പുതിയ ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രക്‌സ് ബസ് നിരത്തിലിറങ്ങണമെങ്കില്‍ 20 ലക്ഷം രൂപ ചെലവ് വരും ഈ  തുകയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കൂടുതല്‍ തുക കിട്ടിയാല്‍ ഒരു ബസ് കൂടി വാങ്ങാനാണ് തീരുമാനം. സേവ് കെഎസ്ആര്‍ടിസി കാമ്പയിന്റെ തുടര്‍ച്ചയായിട്ടാണ് യൂണിയന്‍ നന്‍മയുടെ ഒരു ബസ് പദ്ധതിയുമായി രംഗത്തുവരുന്നത്.    സേവ് കെഎസ്ആര്‍ടിസി കാമ്പയിന്റെ ഭാഗമായി മുമ്പ് ബസ് ഡേ ദിനാചരണം യൂണിയന്‍ സംഘടിപ്പിച്ചിരുന്നു.

ബസ് ഡേ ദിനത്തില്‍ ബസുകള്‍ യൂണിയന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അലങ്കരിച്ച് നിരത്തിലിറക്കുകയും ജീവനക്കാര്‍ ബസ്സ്റ്റാന്‍ഡുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും നിന്ന് യാത്രക്കാരെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുവാന്‍ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമ്പ്രദായത്തിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുകയും  മാനേജ്‌മെന്റ് യൂണിയനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്  പുതിയ ബസ് വാങ്ങാന്‍ ബുദ്ധിമുട്ടുന്ന കോര്‍പറേഷന് യൂണിയന്‍ ബസ് വാങ്ങി നല്‍കുന്നത്.

പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഭാഗമായിട്ടാണ് യൂണിയന്‍ ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും പിരിഞ്ഞു കിട്ടുന്ന തുക ഈ മാസം അവസാനം യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുമെന്നും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ.പ്രസാദ് രാഷ്ട്രദീപികയോടു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്.മുമ്പ് മാവേലിക്കരയിലെ വര്‍ക് ഷോപ്പില്‍ ജീവനക്കാര്‍ സൗജന്യമായി ബസ് നിര്‍മിച്ചു നല്‍കിയിരുന്നു.

Related posts