നിതാ അംബാനിയും ഊര്‍ജിത് പട്ടേന്റെ ഭാര്യയും സഹോദരിമാരോ? പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യമെന്ത്? എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം ഇതാണ്

NITHAകേന്ദ്രസര്‍ക്കാര്‍ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയാണ്. നോട്ടിനെക്കുറിച്ചായിരുന്നു ആദ്യ വാര്‍ത്ത. അവസാനമായി പുറത്തിറങ്ങിയതാകട്ടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയും ബന്ധുക്കളാണെന്നതായിരുന്നു. നിതയുടെ സഹോദരി മംമ്താ ദലാലിനെയാണ് ഉര്‍ജിത് പട്ടേല്‍ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന പുതിയ കഥ. എന്താണ് ഇക്കഥയിലെ വാസ്തവം. ഇത് ശരിയാണോയെന്ന സംശയങ്ങളുമായി ചില മെസേജുകളും കോളുകളും രാഷ്ട്രദീപികഡോട്ട്‌കോമിനും ലഭിച്ചിരുന്നു.

ഉര്‍ജിതിന്റെ ഭാര്യയും നിതയും സഹോദരിമാരാണന്ന് എത്രപേര്‍ക്കറിയാം എന്നു ചോദിച്ചു കൊണ്ടുള്ള പോസ്റ്റ് വൈറലാവുകയും ചെയ്തു. ഈ ചോദ്യത്തിന് ആരും ഉത്തരം നല്‍കിയിരിക്കാന്‍ വഴിയില്ല. കാരണം അങ്ങനെയൊരു കാര്യമില്ലെന്നതു തന്നെ. അവിവാഹിതനായ ഉര്‍ജിത് പട്ടേലിന് ഭാര്യയെ ഉണ്ടാക്കിയതും അവര്‍ക്ക് നിതാ അംബാനിയുമായി ബന്ധമുണ്ടാക്കിയതും ആരുടെയോ മനോഹര ഭാവന മാത്രമായിരുന്നു. എന്നാല്‍ മറ്റൊരു കാര്യം സത്യമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറാകുംമുമ്പ് ഉര്‍ജിത് റിലയന്‍സില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായി ജോലി ചെയ്തിരുന്നു.

ഉര്‍ജിത് പട്ടേലിന്റെ ജീവിതം ഇങ്ങനെ

ഇന്ത്യയിലെ മികച്ച ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ബാങ്കറുമായ ഉര്‍ജിത് പട്ടേല്‍ കെനിയയിലെ നെയ്‌റോബിയിലാണ് ജനിക്കുന്നത്. 20-ാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ നിന്നു കെനിയയിലേക്കു കുടിയേറിയ കുടുംബമായിരുന്നു ഉര്‍ജിതിന്റേത്. 1990ല്‍ അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1990 മുതല്‍ 1995വരെ വിവിധ രാജ്യങ്ങളില്‍ ഐഎംഎഫ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. 1996-97 കാലഘട്ടത്തില്‍ റിസര്‍വ് ബാങ്കിലേക്ക് മാറ്റം ലഭിച്ചു. അതിനുശേഷം 1998-2001 കാലയളവില്‍ ധനകാര്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാനും ഉര്‍ജിതിനായി. ഇന്ത്യയിലേക്ക് സ്ഥലമാറ്റം ലഭിച്ചതിനു ശേഷം മാത്രമാണ് ഇദ്ദേഹം ഹിന്ദിയും ഗുജറാത്തിയും പഠിക്കുന്നത്. 2013ല്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി. തുടര്‍ന്ന് 2016 സെപ്റ്റംബര്‍നാലിന് ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ 24-ാമത്തെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. സുഹൃത്തുക്കള്‍ക്കിടയില്‍ സന്തോഷവാന്‍ എന്നു വിളിപ്പേരുള്ള ഇദ്ദേഹം അമ്മയ്‌ക്കൊപ്പം മുംബൈയിലെ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്.

ഇതിനിടയില്‍ ഒരിടത്തും ഭാര്യയെക്കുറിച്ച് പറയുന്നില്ലയെന്നത് ശ്രദ്ധേയമാണ്. 2008-2009 കാലയളവില്‍ ഇദ്ദേഹം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റായി ജോലി നോക്കിയിരുന്നു എന്ന കാര്യം മാത്രമാണ് വാസ്തവം. കൂടാതെ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിരുന്നു. ഇദ്ദേഹം ഗവര്‍ണറായ വേളയില്‍ ഈ വക കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉര്‍ജിതിന്റെ ഗവര്‍ണര്‍ സ്ഥാനത്തിനു പിന്നില്‍ മുകേഷ് അംബാനിയുടെ കൈകളുണ്ടോയെന്നും പലരും ചോദ്യങ്ങളുയര്‍ത്തിയിരുന്നു.

നിതാ അംബാനിയും സഹോദരിയും

റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്ക് ഒരു സഹോദരി ഉണ്ടെന്നതു വാസ്തവം തന്നെ. എന്നാല്‍ നുണക്കഥ പടച്ചുവിട്ടയാളുടെ ഭാവന പോലെയല്ലെന്നു മാത്രം. മംമ്താ ദലാല്‍ എന്നാണ് നിതാ അംബാനിയുടെ സഹോദരിയുടെ പേര്. മുംബൈയില്‍ ദീരുഭായ് അംബാനി സ്കൂളിലെ ഒരു അധ്യാപികയാണ് മംമ്ത. അവര്‍ക്ക് ഉര്‍ജിത് പട്ടേലുമായി യാതൊരു ബന്ധവുമില്ലതാനും. മാത്രമല്ല അവരുടെ ഭര്‍ത്താവിന്റെ പേരാകട്ടെ സഞ്ചയ് ദലാല്‍ എന്നുമാണ്. നിതയില്‍നിന്നു വ്യത്യസ്തമായി ലൈംലൈറ്റില്‍ നിന്നു മാറിയൊരു ജീവിതമാണ് അവര്‍ നയിക്കുന്നത്.

Related posts