ഉരുള്‍പൊട്ടലിനും ഭീമന്‍ തിരമാലയ്ക്കും സാധ്യത! നദികളിലെ ജലനിരപ്പുയര്‍ന്നേക്കും; കനത്ത ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരുമെന്നാണറിയുന്നത്. തീരമെങ്ങും കനത്ത ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയുണ്ടാകും. ഏഴു സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റും അറിയിച്ചു. കേരളാ തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും.

45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ പുതിയവളപ്പില്‍ 100 മീറ്ററോളം കരയെ കടല്‍ വിഴുങ്ങി. നീരൊഴുക്കുംചാല്‍, കക്കാടന്‍ചാല്‍ എന്നിവിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇതു തീരവാസികളില്‍ ഏറെ ഭീതി പരത്തി. കടല്‍ ക്ഷേഭത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെപ്പറ്റി അറിയാന്‍ മെഡിക്കല്‍ കോളജില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 0471 2528647, 2528300 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Related posts