പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പത്ത് വിദ്യാർഥികൾക്കെതിരെ പൊലിസ് കേസെടുത്തു. പാലക്കാട് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പൊലിസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തത്.
എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പൊലിസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
