ഒന്നര ദശാബ്ദത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് ! മിസോറാം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത് എംഎന്‍എഫ് ; തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ…

രാജ്യം ഭരിക്കുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേക്ക്. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഢില്‍ അധികാരത്തിലേറുന്നത്. 2000ല്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ച കോണ്‍ഗ്രസിന് 2003ലെ തിരഞ്ഞെടുപ്പില്‍ അടിപതറുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ മൂന്നു തിരഞ്ഞെടുപ്പുകളിലും രമണ്‍സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറി. എന്നാല്‍ കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ച ഛത്തീസ്ഗഢില്‍ ഇത്തവണ ബിജെപിയെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

തെലങ്കാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവച്ചു കൊണ്ടുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്. കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് തന്നെ ഇക്കുറിയും അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇവിടെയും സീറ്റ് വര്‍ധിപ്പിക്കാനായത് കോണ്‍ഗ്രസിന് കരുത്താകും. മിസോറാമില്‍ എംഎന്‍എഫ് ആണ് ലീഡ് ചെയ്യുന്നത് എംഎന്‍എഫിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമാവാമെന്ന പ്രതീക്ഷയാണ് മിസോറാമില്‍ ബിജെപി വച്ചു പുലര്‍ത്തുന്നത്.

ഓരോ തവണയും ബിജെപിയെയും കോണ്‍ഗ്രസിനെയും മാറിമാറി തുണയ്ക്കുന്ന രാജസ്ഥാനില്‍ ഇക്കുറി കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. ഭരണവിരുദ്ധ വികാരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പതിനഞ്ചു വര്‍ഷമായി ബിജെപി അധികാരത്തിലുള്ള മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും ബിജെപിയ്ക്ക് നേരിയ പ്രതീക്ഷയുള്ള ഏക സംസ്ഥാനവും മധ്യപ്രദേശ് തന്നെയാണ്. സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വന്‍തിരിച്ചുവരവാണ് ഇപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

Related posts