ഭാവനയെ ഒതുക്കാന്‍ ആസൂത്രിത ശ്രമം ? ആദം ജോണിനു ശേഷം സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല;നടി വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇതൊക്കെ

ദുബായ് : മലയാള സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി സൂചന. ആദം ജോണിനു ശേഷം നടിയ്ക്ക് പടമൊന്നും കിട്ടിയിട്ടില്ല. ചിലര്‍ മനപ്പൂര്‍വം കളിക്കുന്നതാണ് ഇതിനു പിന്നിലെന്ന ആരോപണവും സജീവമാണ്. താന്‍ അഭിനയം നിര്‍ത്തിയെന്നുള്ള വ്യാജപ്രചാരണവും നടക്കുന്നുണ്ടെന്ന് നടി പറയുന്നു.

പുതിയ സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെന്നും നടി പറയുന്നു. ദുബായില്‍ ഒരു ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് ഭാവന ഇതു പറഞ്ഞത്. താനിപ്പോള്‍ സന്തോഷവതിയാണെന്നും നല്ല സിനിമകള്‍ കിട്ടിയാല്‍ കല്യാണശേഷവും മലയാളത്തില്‍ സജീവമാകുമെന്നും നടി പറഞ്ഞു.കന്നട നിര്‍മ്മാതാവായ നവീനുമായ ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.

വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സില്‍ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേര്‍ നോക്കി നില്‍ക്കുമ്പോള്‍ കാമറയെ അഭിമുഖീകരിച്ചവളാണ് ഞാന്‍ ഭാവന പറഞ്ഞു. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ക്കൂടുതല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാന്‍. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതൊകൊണ്ട് ഇന്നത്തെ മോഡലാകാന്‍ എനിക്കാവില്ല. എല്ലാ മാസവും ഞാന്‍ ദിനചര്യകള്‍ എഴുതി വയ്ക്കും. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാന്‍ സാധിക്കാറുള്ളൂ ഭാവന പറഞ്ഞു.

ചെന്നൈയിലെ വസ്ത്രാലങ്കാര വിദഗ്ധയായ റെഹാന ബഷീറിന്റെ ദുബായിലെ പുതിയ ഡിസൈനര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭാവന. സിനിമയെക്കുറിച്ചോ സ്വകാര്യജീവിതത്തെക്കുറിച്ചോ സംസാരിക്കില്ലെന്ന് മുന്‍കൂട്ടി പറഞ്ഞാണ് അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍നിന്നത്. മെറൂണ്‍ വെല്‍വെറ്റ് ഉടുപ്പിട്ട് നിറഞ്ഞ ചിരിയുമായി മോഡലുകള്‍ക്കൊപ്പം ചുവടുവെച്ചെത്തിയ ഭാവന എല്ലാവരുടെയും ശ്രദ്ധ നേടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കൂടിയപ്പോള്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാനുള്ള വേദിയല്ല ഇതെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.

2002ല്‍ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് നവീന്‍ ആയിരുന്നു. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2014ല്‍ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുന്‍പ് പല സിനിമകള്‍ക്കും ഡേറ്റ് നല്‍കിയതിനാല്‍ തിരക്കുമൂലം കഴിഞ്ഞില്ല. 2015 സെപ്റ്റംബറില്‍ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാന്‍ കാരണമായി. 2016 ജനുവരിയില്‍ വിവാഹം നടത്താനിരിക്കുമ്പോള്‍ നവീന്റെ അമ്മ മരിച്ചു. ഇങ്ങനെ വിവാഹം നീണ്ടുപോകുകയായിരുന്നു. ഭാവനയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം സുപരിചിതനാണ് നവീന്‍. ഇടയ്ക്കിടെ തൃശൂരില്‍ സന്ദര്‍ശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവര്‍ക്കുമുള്ളത്.

 

Related posts