എനിക്ക് വോട്ടു ചെയ്യാത്ത ഒരുത്തനെയും അഞ്ചു വര്‍ഷത്തേക്ക് കണ്‍മുമ്പില്‍ കണ്ടു പോകരുത് ! വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്നു പറഞ്ഞതു പോലെ ഹരിപ്പാട്ടെ സിപിഎം കൗണ്‍സിലറുടെ പ്രസംഗം; വിവാദ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നു…

വോട്ടു നേടി വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രം കാണുന്നവരാണ് രാഷ്ട്രീയക്കാരെന്നാണ് പൊതുവെയുള്ള ആക്ഷേപം.

എന്നാല്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ സ്വയം മറന്ന് ഭീഷണിയുടെ ഭാഷയില്‍ പ്രസംഗിച്ചു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഹരിപ്പാട് നഗരസഭയിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാര്‍.

തനിക്ക് വോട്ട് ചെയ്യാത്തവരെ ഭീഷണിപ്പെടുത്തിയും താക്കീതു നല്‍കിയുമാണ് കൗണ്‍സിലര്‍ സി കൃഷ്ണകുമാറിന്റെ പ്രസംഗം. തനിക്ക് വോട്ടു ചെയ്യാത്ത ആരും വരുന്ന അഞ്ച് വര്‍ഷകാലം തന്നെ ഒരാവശ്യത്തിനും സമീപിക്കരുതെന്ന പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൃഷ്ണകുമാര്‍ കുരുക്കിലായി.

ഈ കമ്മ്യൂണിസ്റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോള്‍ അത് നന്ദിയോടെ തന്നെ കുടിക്കണം. ആ വെള്ളം തൊണ്ടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഹരേ റാം എന്നതിന് പകരം ഹരേ കൃഷ്ണകുമാര്‍ എന്ന് ഉച്ചരിക്കാന്‍ പഠിക്കണമെന്നും പ്രസംഗത്തില്‍ കൗണ്‍സിലര്‍ പറയുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ,’ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഇവിടെ മത്സരിക്കാന്‍ വരുമ്പോള്‍ ഈ പ്രദേശത്തെ ഓരോ വീട്ടുകാരും അവരുടെ പുരയിടത്തില്‍ നിന്ന് ഒരു കാല്‍ ഈ റോഡിലേക്ക് വയ്ക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ നെഞ്ചത്തല്ല, കൃഷ്ണകുമാര്‍ ഉണ്ടാക്കിയ റോഡിലാണ് കാല്‍ വയ്ക്കുന്നതെന്ന ചിന്ത ഉണ്ടാകണം.

രണ്ടാമത് എനിക്ക് പറയാനുള്ളത് ഈ കമ്മ്യൂണിസ്റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പ് ലൈനിലെ വെള്ളം കുടിക്കുമ്പോള്‍ അത് നന്ദിയോടെ തന്നെ കുടിക്കണം. ആ വെള്ളം തൊണ്ടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഹരേ റാം എന്നതിന് പകരം ഹരേ കൃഷ്ണകുമാര്‍ എന്ന് ഉച്ചരിക്കാന്‍ പഠിക്കണം.

ഇന്നലെ കുരുത്ത ബിജെപി എന്ന പ്രസ്ഥാനത്തിനുവേണ്ടി രണ്ടു കുടുംബങ്ങള്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു. പാര്‍ട്ടി അനുഭാവികളായ രണ്ടു കുടുംബങ്ങള്‍ ഉള്‍പ്പെടെ ബിജെപിക്ക് വോട്ടു ചെയ്തു.

മൂന്നു കുടുംബങ്ങള്‍ തന്നെ ഒറ്റി. വോട്ട് എണ്ണിയപ്പോള്‍ ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തത് എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. കൂടെ നടക്കുന്നവര്‍ വോട്ടു ചെയ്തു എന്ന ധാരണ തനിക്ക് ഇല്ല.

തനിക്ക് വോട്ട് ചെയ്യാം എന്ന് പറഞ്ഞവര്‍ വോട്ടിന് തലേദിവസം 4500 രൂപയ്ക്ക് വേണ്ടി തന്നെ ഒറ്റി. എന്നിട്ടും 14 വോട്ടുകള്‍ മാത്രമാണ് തനിക്ക് നഷ്ട്ടപ്പെട്ടത്.

വരുന്ന അഞ്ച് വര്‍ഷം ഈ പ്രദേശത്തെ മുഴുവന്‍ പേരുടേയും കൗണ്‍സിലര്‍ ആയിരിക്കില്ല. അഞ്ചുവര്‍ഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്.

കൃഷ്ണകുമാര്‍ കൊണ്ടുവന്നതല്ലാതെ, ഒരു ഉടയതമ്പുരാനും ഒരു ചുക്കും ഇവിടെ കൊണ്ടുവന്നിട്ടില്ല എന്ന ഓര്‍മ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണം. ‘ജയിച്ചു കഴിഞ്ഞപ്പോള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവം ആയ ഹരിപ്പാട്ടെ സിപിഎം നേതാവ് കൃഷ്ണകുമാര്‍’ എന്ന തലക്കെട്ടിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പറന്നു കളിക്കുന്നത്.

വീഡിയോയ്‌ക്കെതിരേ ഇതിനോടകം വന്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.ഒന്‍പതാം വാര്‍ഡില്‍ നിന്ന് വിജയിച്ച കൃഷ്ണകുമാര്‍ സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. തനിക്ക് ലഭിച്ച സ്വീകരണ പരിപാടിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.

https://www.facebook.com/sajeev.shashan/videos/3552238504865572/?t=370

Related posts

Leave a Comment