ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ ഘാതകന്‍ കൊല്‍ക്കത്തയില്‍ ഒളിവില്‍ കഴിഞ്ഞത് 23 വര്‍ഷം ! ഞായറാഴ്ച തൂക്കിലേറ്റിയ പ്രതിയുടെ ഒപ്പം വധശിക്ഷ ലഭിച്ച അഞ്ചു പേര്‍ ഇന്നും ഒളിവില്‍…

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷേയ്ഖ് മുജിബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ ബംഗ്ലാദേശ് കരസേനാ മുന്‍ ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിനെ തൂക്കിലേറ്റി.

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം കേരാനിഗഞ്ജ് ജയിലില്‍ ഇന്നലെ പുലര്‍ച്ചെയാണു ശിക്ഷ നടപ്പാക്കിയത്. ഇയാളുടെ ദയാഹര്‍ജി പ്രസിഡന്റ് തള്ളിയിരുന്നു.

23 വര്‍ഷം കൊല്‍ക്കത്തയില്‍ ഒളിച്ചു താമസിച്ചിരുന്ന അബ്ദുല്‍ മജീദ് കഴിഞ്ഞ മാസം രഹസ്യമായി ധാക്കയിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവായ മുജീബുര്‍ റഹ്മാനും മറ്റു കുടുംബാംഗങ്ങളും 1975 ല്‍ പട്ടാള അട്ടിമറിയില്‍ വധിക്കപ്പെടുകയായിരുന്നു.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ അവധിയായിരുന്നിട്ടും സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ, തൂക്കിലേറ്റാനുള്ള മരണ വാറന്‍ഡ് ജില്ലാ കോടതി പുറപ്പെടുവിക്കുകയായിരുന്നു. 1998ലാണ് ഇയാളെ തൂക്കിലേറ്റാന്‍ വിധിച്ചത്.

എന്നാല്‍ വിധിയ്ക്കു തൊട്ടു പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. കേസിലെ 12 പ്രതികളില്‍ അഞ്ചു പേരുടെ വധശിക്ഷ 2010 ല്‍ നടപ്പാക്കിയിരുന്നു.

വിദേശത്ത് ഒളിവിലിരിക്കെ ഒരു പ്രതി മരിച്ചു. മുഖ്യ ആസൂത്രകന്‍ ലഫ്. കേണല്‍ അബ്ദുല്‍ റഷീദ് അടക്കം വധശിക്ഷ ലഭിച്ച മറ്റ് അഞ്ചു സൈനിക ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരും കൊല്‍ക്കത്തയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Related posts

Leave a Comment