എന്തൊരു ധൈര്യം ! പട്ടാപ്പകല്‍ മൊബൈല്‍ മോഷണം പതിവാക്കിയ കള്ളന്മാരെ എഎസ്‌ഐ പിടികൂടിയത് സിനിമസ്റ്റൈലില്‍…

പണ്ടൊക്കെ മോഷ്ടാക്കള്‍ ഇറങ്ങിയിരുന്നത് രാത്രിയിലായിരുന്നെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലാണ് പല കള്ളന്മാരും മോഷണം നടത്തുന്നത്. ഇത്തരത്തില്‍ പകല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ കവരുന്ന കള്ളന്മാരെ സിനിമാസ്റ്റൈലില്‍ പിടികൂടിയ എഎസ്‌ഐയാണ് ഇപ്പോള്‍ ഹീറോ.

ചെന്നൈ മാധവാരം സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മാധവാരം സ്റ്റേഷനിലെ സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എഎസ്‌ഐ അന്റലിന്‍ രമേശാണ് കവര്‍ച്ചാ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടിയത്.

നഗരത്തിലെ വ്യാപാരിയായ രവി ഇരുചക്രവാഹനത്തില്‍ വരുന്നതിനിടെ രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി. രവിയുടെ പോക്കറ്റിലുണ്ടായിരുന്ന ഐ ഫോണ്‍ തട്ടിപ്പറിച്ചു രക്ഷപ്പെട്ടു. ഈസമയത്താണു മാധവാരം സ്റ്റേഷനിലെ സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എഎസ്‌ഐ. അന്റലിന്‍ രമേശ് ഓഫീസിലേക്കുള്ള യാത്രക്കിടെ അവിടെ എത്തുന്നത്.

ബഹളം കേട്ടു രമേശ് കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനത്തെ പിന്തുടര്‍ന്നു. കിലോമീറ്ററുകള്‍ക്കപ്പുറത്തു കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനം അപകടത്തില്‍പെട്ടു. ബൈക്കിന് പിന്നിലിരുന്നയാള്‍ തെറിച്ചുവീണു. പിറകെയെത്തിയ എഎസ്‌ഐ സിനിമാ സ്‌റ്റൈലില്‍ കള്ളനെ പിടികൂടി.

അനുരാജ് എന്നയാളാണു പിടിയിലായത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നവീന്‍ കുമാര്‍, വിഗ്‌നേഷ് എന്നിവരും അറസ്റ്റിലായി. ഇവരുടെ കൈവശത്ത് നിന്ന് 17 ഫോണുകള്‍ പിടികൂടി. കള്ളന്മാരെ പിടിക്കുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എഎസ്‌ഐയ്ക്കു അഭിനന്ദ പ്രവാഹമാണ്. എഎസ്‌ഐ യുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. ആന്റലിന്‍ രമേശിനെ പ്രശംസിച്ചു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. എന്തായാലും എഎസ്‌ഐയ്ക്ക് സിനിമയിലേക്ക് വിളി വരുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Related posts

Leave a Comment