21 പൊതുമേഖലാ ബാങ്കുകളിലായി കിട്ടാക്കടം, ഏഴരലക്ഷം കോടി രൂപ! കോര്‍പറേറ്റുകള്‍ ബോധപൂര്‍വ്വം പറ്റിച്ചത്, 1.01 ലക്ഷം കോടി; പണം വകമാറ്റിയതിനാല്‍ നിയമപരമായി പോലും തിരിച്ചുപിടിക്കാനാവാതെ ബാങ്കുകള്‍

ഇന്ത്യയിലെ ബാങ്കുകളെല്ലാം മത്സരിച്ച്, പാവങ്ങളുടെ കൈയ്യിലുള്ള കാശൂറ്റിയെടുത്ത് അതിസമ്പന്നരുടെയും കോര്‍പ്പറേറ്റ് മുതലാളിമാരുടെയും ക്ഷേമത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എങ്കില്‍പ്പോലും സാധാരണക്കാരോടുള്ള സമീപനത്തില്‍ അയവ് വരുത്താന്‍ ബാങ്കുകള്‍ ശ്രമിക്കുന്നതായി തോന്നുന്നില്ല. ഇപ്പോഴിതാ അതിന് തെളിവാകുന്ന മറ്റൊരു വാര്‍ത്ത പുറത്തുവരുന്നു. കീശയില്‍ കാശുണ്ടായിട്ടും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ പറ്റിച്ചത് 1.01 ലക്ഷം കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്.

2017 സെപ്റ്റംബര്‍ 30വരെയുള്ള കണക്കുപ്രകാരം 21 പൊതുമേഖല ബാങ്കുകളിലായി കിട്ടാക്കടമായുള്ളത് 7.33 ലക്ഷം കോടി രൂപയാണ്. ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത വായ്പയുള്‍പ്പടെയുള്ള തുകയാണിത്. കമ്പനിയുടെ കണക്കുകളില്‍ തിരിമറി നടത്തി പണം വകമാറ്റിയതിനാല്‍ ഇത്തരം അക്കൗണ്ടുകളില്‍നിന്ന് നിയമപരമായിപോലും പണം തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തല്‍. മിനിമ ബാലന്‍സ് സൂക്ഷിച്ചില്ലെന്നതിന്റെ പേരില്‍ വന്‍തുക സാധാരണക്കാരില്‍ നിന്ന് ഇതേ ബാങ്കുകള്‍ തട്ടിയെടുക്കുമ്പോഴാണിത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, സൂം ഡെവലപ്പേഴ്സ്, വിന്‍സം ഡയമണ്ട്സ്, വരുണ്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ വന്‍ കമ്പനികളും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരില്‍ മുന്‍പന്തിയിലുണ്ട്. 9,025 കേസുകളാണ് ഇതുസംബന്ധിച്ചുള്ളത്.

വായ്പ തിരിച്ചുപിടിക്കുന്നതിനായി 8,423 കമ്പനികള്‍ക്കെതിരെ ഇതിനകം ബാങ്കുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് 95,384 കോടി രൂപയാണ് കിട്ടാക്കടം ഇനത്തില്‍ തിരിച്ചുപിടിക്കാനുള്ളത്. 1,968 പോലീസ് കേസുകളും നിലവിലുണ്ട്. ഇതുപ്രകാരം 31,807 കോടി രൂപയാണ് തിരിച്ചുകിട്ടാനുള്ളത്. 6,937 അക്കൗണ്ടുകളില്‍ കുടിശികയുള്ള 87,458 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കാന്‍ ആസ്തികള്‍ കണ്ടുകെട്ടുക, വില്പന നടത്തുക തുടങ്ങിയവയ്ക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവുംകൂടുതല്‍ കിട്ടാക്കടം ലഭിക്കാനുള്ളത് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയാ ബാങ്കിനാണ്. 6,649 കോടി രൂപ. ഇതില്‍തന്നെ ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത കണക്കിലുള്ളത് 3,537 കോടി രൂപയുമാണ്. ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ കുടിശിക ഏറ്റവും കൂടുതലുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്.

Related posts