ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു വനിതാ ജൂണിയർ ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പതോളജി വിഭാഗങ്ങളിലെ പിജി വനിതാ ഡോക്ടർമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച ഗൈനക്കോളജിൽ ചികിത്സയിൽ കഴിയുന്ന അഞ്ചു രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഗർഭിണികളായവരുമായി സന്പർക്കം പുലർത്തിയ ഒരു യുവ വനിതാ ഡോക്ടർ ഹോസ്റ്റലിൽ മറ്റ് രണ്ട് പിജി വനിതാ ഡോക്ടർമാരോടൊപ്പമാണ് താമസിച്ചത്.
അതിനാൽ ഇവർ മൂന്നു പേരോടും ക്വാറന്റൈനിൽ പോകുവാൻ നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഇവരുടെ ഫലം വന്നപ്പോൾ പരിശോധനാ ഫലം പോസറ്റീവ് ആയി. വനിതാ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് സംബന്ധിച്ചു പ്രതികരിക്കുവാൻ അധികൃതർ തയ്യാറായില്ല.