കൂളര്‍ കണക്ട് ചെയ്യാന്‍ വെന്റിലേറ്റര്‍ ഊരിമാറ്റി വീട്ടുകാര്‍ ! കോവിഡ് രോഗിയ്ക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ആശുപത്രി മുറിയില്‍ ചൂട് ഉയര്‍ന്നപ്പോള്‍ കൂളര്‍ കണക്ട് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരിയതിനെത്തുടര്‍ന്ന് കോവിഡ് രോഗിയ്ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം.

മഹാറാവു ഭീംസിങ് ആശുപത്രിയില്‍ ഈ മാസം പതിനഞ്ചിനാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്സേന അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം.

ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും.

കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കൂളര്‍ ഇവര്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫ് ആയി. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു.

ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും രോഗി മരണമടയുകയായിരുന്നു. രോഗി മരിച്ചതിനെത്തുടര്‍ന്നു ബഹളം വച്ച ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

Related posts

Leave a Comment