Set us Home Page

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത് ! സി അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്; പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കാനം…

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു നീങ്ങുമ്പോള്‍ സിപിഐയുടെ നിലപാട് ശ്രദ്ധേയമാകുന്നു. ഇക്കാര്യത്തില്‍ വലിയ പ്രകോപനമൊന്നും സൃഷ്ടിക്കേണ്ടതില്ലെന്നും സന്തുലിത സമീപനം മാത്രം കൈക്കൊണ്ടാല്‍ മതിയെന്നുമാണ് സിപിഐയുടെ നിലപാട്. തന്ത്രിക്കെതിരേയും പന്തളം കൊട്ടാരത്തിനെതിരേയും ശക്തമായ നിലപാടാണ് പിണറായി വിജയന്‍ കൈക്കൊണ്ടത്.

എന്നാല്‍ ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് ഭക്തരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരങ്ങളൊന്നും ഉണ്ടാവരുതെന്നും പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് സിപിഐ നിലപാട്. പ്രകോപനപരമായി സംസാരിച്ചവര്‍ സംസാരിച്ചോട്ടെ എന്നാല്‍ സിപിഐ പ്രവര്‍ത്തകര്‍ അത്തരത്തില്‍ സംസാരിക്കരുതെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഇതേ വികാരമാണ് പാര്‍ട്ടി പ്രാസംഗികര്‍ പൊതുയോഗങ്ങളില്‍ എടുക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പാര്‍ട്ടി മേഖലാ ജനറല്‍ബോഡികളില്‍ വ്യക്തമാക്കി.

‘പന്തളം രാജവംശമുണ്ടായിരുന്നു. കടംകയറി മുടിഞ്ഞ് തിരുവിതാംകൂര്‍ രാജവംശത്തിന് അടുത്തൂണ്‍ പറ്റിയതാണ്. അന്ന് മുതല്‍ രാജാവുമില്ല. പരിവാരങ്ങളുമില്ല എന്നായിരുന്നു പിണറായി വ്യക്തമാക്കിയത്.’- സിപിഐയ്ക്കും ഇതേ അഭിപ്രായമാണെങ്കിലും അത് പരസ്യമായി പറയരുതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. മേല്‍ശാന്തിയെ നിയമിക്കാനുള്ള ടെക്നിക്കല്‍ മെമ്പറെ തെരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് പന്തളം രാജകുടുംബത്തിനുള്ളത്. നാലുപേരില്‍ അവസാനത്തെ ആളെ കണ്ടെത്താന്‍ നറുക്കെടുക്കാനുള്ള അധികാരം മാത്രമാണ് ഇത്. തിരുവാഭരണം സൂക്ഷിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്. മറ്റൊരു അധികാരവും അവര്‍ക്കില്ല. നടയടക്കാനോ തുറക്കാനോ ഉള്ള തീരുമാനങ്ങളൊന്നും അവര്‍ക്ക് കൈക്കൊള്ളാന്‍ പറ്റില്ലെന്നുമാണ് സിപിഐ നിലപാടെങ്കിലും പാര്‍ട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ച പന്തളം കൊട്ടാരത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ്.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത്. സി അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി ദളിത് നേതാക്കള്‍വരെ കൊട്ടാരത്തില്‍ താമസിച്ചു. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കാമെങ്കിലും കൊട്ടാരത്തെ രൂക്ഷമായി അക്രമിക്കരുതെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്. നൈഷ്ഠിക ബ്രഹ്മചാരിയാണോ അയ്യപ്പന്‍, ശബരിമലയില്‍ സ്ത്രീ സാന്നിധ്യമില്ലേ തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടിക്ക് അഭിപ്രായമുണ്ടെങ്കിലും അതൊന്നും പച്ചയായി പറയാന്‍ പാടില്ല. അതിനു പകരം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടാന്‍ മാത്രം ശ്രമിച്ചാല്‍ മതി.

മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ . പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യത്തില്‍ ബാലന്‍സായ സമീപനം മാത്രം സ്വീകരിച്ചാല്‍ മതി. വിശ്വാസികളുമായി ശബരിമല വിഷയത്തില്‍ തര്‍ക്കിക്കാന്‍ പോവരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയോട് അനുകൂല സമീപനം ആണെങ്കിലും പ്രകോപനം സൃഷ്ടിച്ച് മുന്നോട്ട് പോകുന്ന നിലപാടിനോട് സിപിഐയ്ക്ക് തീരെ താത്പര്യമില്ല. അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നാണ് സിപിഐ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS