എന്നിട്ട് എന്തുനേടി..! സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിക്കുന്നു: ആലപ്പുഴയിൽ മൂന്ന് പേർക്ക് വെട്ടേറ്റു; കോട്ടയത്ത് സിപിഎം ഓഫീസിനുനേരെ ആക്രമണം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ/കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപകമാകുന്നു. കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചതിനു പിന്നാലെ ആലപ്പുഴയിലും സംഘർഷം. ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

പോസ്റ്റർ പതിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. നിരവധി വീടുകൾക്കുനേരെയും കല്ലേറുണ്ടായി.

തിങ്കളാഴ്ച രാത്രിയിലാണ് കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബാ (29)ണ് മരിച്ചത്. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചെ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി. കെട്ടിടത്തിന്‍റെ ജനൽ ചില്ലുകൾ അജ്ഞാതർ തകർത്തു. സ്ഫോടക വസ്തു ഓഫീസിന് നേരെ എറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Related posts