ബംഗാള്‍ മോഡല്‍ കേരളത്തിലും ! വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്ത് ബിജെപി;പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലില്‍ സിപിഎം

തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് ഇനി ബിജെപി ഓഫീസ്.സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ സ്വകാര്യ വസ്തുവാണെന്നുമാണ് ഇതേക്കുറിച്ച് സിപിഎമ്മിന്റെ വിശദീകരണം. ബംഗാള്‍ മോഡല്‍ പിടിച്ചടക്കലെന്നാണ് തോട്ടം ബ്രാഞ്ച് ഓഫീസ് സ്വന്തം പാളയത്തിലെത്തിച്ചതിനെ ബിജെപി വിശേഷിപ്പിക്കുന്നത്.

വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന മുല്ലൂരില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസായിരുന്നു ഈ കെട്ടിടം. ബിജെപി കൊടി നാട്ടിയും ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്.

കഴിഞ്ഞ ചൊവ്വാഴ്ച എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു വിഴിഞ്ഞം ലോക്കലില്‍ വരുന്ന തോട്ടം, പനവിള ബ്രാഞ്ചുകള്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മുല്ലൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയ കമ്മിറ്റി അംഗവുമായ മുക്കോല പ്രഭാകരനെയും വയല്‍ക്കര മധുവിനെയും പാര്‍ട്ടി പുറത്താക്കിയിരുന്നു.

പിന്നാലെയാണ് ഇവര്‍ക്കൊപ്പം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നത്. വയല്‍ക്കര മധുവിന്റേതാണ് ഓഫീസ് നില്‍ക്കുന്ന കെട്ടിടം. പാര്‍ട്ടി പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള കെട്ടിടമാണ് കൊടി കെട്ടി സിപിഎം ഓഫീസ് പിടിച്ചെടുത്തെന്ന് ബിജെപി പ്രചരിപ്പിക്കുന്നതെന്നാണ് സിപിഎം പറയുന്നത്.

തീര പ്രദേശങ്ങളില്‍ ഇതുവരെ ചുവടുറപ്പിക്കാന്‍ സാധിക്കാത്ത ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രദേശത്തെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലടക്കം നേട്ടമുണ്ടാക്കിയ സിപിഎമ്മിന് കൂട്ട പാര്‍ട്ടി വിടല്‍ വലിയ ക്ഷീണമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts

Leave a Comment