63 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത സിപിഎം മുന്‍രാജ്യസഭാംഗം ഉപയോഗിച്ചത് ഏഴെണ്ണം മാത്രം ! എല്ലാം റീ ഇംബേഴ്‌സ്‌മെന്റിനായി സമര്‍പ്പിക്കുകയും ചെയ്തു…

സിപിഎമ്മിന്റെ മുന്‍ രാജ്യസഭാംഗം ഒരു മാസം ബുക്ക് ചെയ്തത് 63 ട്രെയിന്‍ ടിക്കറ്റുകള്‍. ഉപയോഗിച്ചതാവട്ടെ വെറും ഏഴെണ്ണവും. പശ്ചിമബംഗാളില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗമാണ് കഥാനായകന്‍.

മുഴുവന്‍ ടിക്കറ്റുകളുടെ തുകയും റീ ഇംബേഴ്‌സ്‌മെന്റിനായി സമര്‍പ്പിക്കുകയും ചെയ്തതിനു ശേഷം മാത്രമാണ് ഇദ്ദേഹത്തിനു സമാധാനമായത്.

2019 ജനുവരി മാസത്തിലാണ് 63 തീവണ്ടി ടിക്കറ്റുകള്‍ ഇദ്ദേഹം ബുക്ക് ചെയ്തത്. ഇതില്‍ ഏഴു ടിക്കറ്റുകള്‍ മാത്രമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്.

എന്നാല്‍ യാത്ര ചെയ്യാത്തത് ഉള്‍പ്പെടെ മുഴുവന്‍ ടിക്കറ്റുകള്‍ക്കും ഇദ്ദേഹം റീഇംബേഴ്സ്മെന്റിന് അപേക്ഷിക്കുകയും ചെയ്തു.

ഇതോടെ രാജ്യസഭാ സെക്രട്ടേറിയേറ്റ് റെയില്‍വേ മന്ത്രാലയത്തിന് അധികമായി നല്‍കേണ്ടി വന്നത് 1,46,920 രൂപയാണെന്ന് ദ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റിലെ മുന്‍ അംഗങ്ങള്‍ തനിച്ച് തീവണ്ടിയാത്ര ചെയ്യുമ്പോള്‍ ഫസ്റ്റ് എ.സി. ടിക്കറ്റ് സൗജന്യമായി ലഭിക്കും. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടെങ്കില്‍ എ.സി. ടയര്‍ ടു ടിക്കറ്റും ലഭിക്കും.

2019 ജനുവരി മാസത്തില്‍ ബുക്ക് ചെയ്ത 63 ടിക്കറ്റുകള്‍ക്കും ഇദ്ദേഹം റീഇംബേഴ്സ്മെന്റിന് അപേക്ഷിച്ചു. 1,69,005 രൂപയാണ് 63 ടിക്കറ്റുകള്‍ക്കുമായി വേണ്ടിവന്നത്.

ഇദ്ദേഹം ഉപയോഗിച്ച ഏഴു ടിക്കറ്റുകള്‍ക്ക് ചെലവായ തുകയാകട്ടെ 22,085 രൂപ മാത്രമാണ്. സര്‍ക്കാരിന് അധികമായി ചെലവായത് 1,46,920 രൂപയും.

എം.പി.മാരും മുന്‍ എം.പി.മാരും ഒന്നിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും അവ ഉപയോഗിക്കാതിരുന്നിട്ടും റീഇംബേഴ്സ്മെന്റിന് സമര്‍പ്പിക്കുന്നതും രാജ്യസഭ സെക്രട്ടറിയേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ വിഷയത്തില്‍ ഇടപെടാന്‍ രാജ്യസഭ സെക്രട്ടേറിയറ്റിന് അദ്ദേഹം നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍, രാജ്യസഭയിലെ നിലവിലെ ഒരംഗം 2019 ജനുവരിയില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ 15 ശതമാനം മാത്രമാണ് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ ടിക്കറ്റുകളും റീഇംബേഴ്‌സ്‌മെന്റിനായി സമര്‍പ്പിക്കുകയും ചെയ്തു.

2019ല്‍ സിറ്റിങ് എം.പി.മാരുടെയും മുന്‍ അംഗങ്ങളുടെയും ടിക്കറ്റ് തുകയിനത്തില്‍ 7.8 കോടി രൂപ അടയ്ക്കാന്‍ റെയില്‍വേ രാജ്യസഭ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിരുന്നു.

എം.പി.മാരുടെയും മുന്‍ അംഗങ്ങളുടെയും ഇവര്‍ക്കൊപ്പം യാത്ര ചെയ്യുന്നവരുടെയും ജീവിതപങ്കാളികളുടെയും തീവണ്ടി ടിക്കറ്റുകള്‍ക്കായി ചെലവായ തുകയുടെ മൂന്നിലൊന്ന് ഭാഗമാണിത്. ബാക്കിയുള്ള മൂന്നില്‍ രണ്ടു ഭാഗം ലോക്സഭയാണ് അടയ്ക്കേണ്ടത്.

ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യണമെന്ന് രാജ്യസഭ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തരപക്ഷം രാജ്യസഭ സെക്രട്ടേറിയറ്റ് തുക അടയ്ക്കേണ്ടി വരുമെന്നതിനാലാണ് ഇത്.

ഇത്തരത്തില്‍ അധിക ടിക്കറ്റുകള്‍ ബുക്ക് ചെയ്തശേഷം റീ ഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കുന്ന തന്ത്രം മൂലം ഗവണ്‍മെന്റിന് വലിയ നഷ്ടമാണുണ്ടാകുന്നത്.

Related posts

Leave a Comment