ജീവനൊടുക്കിയ പ്രവാസിയുടെ ഓഡിറ്റോറിയത്തിനു സമീപമുള്ള പുറമ്പോക്ക് കൈയ്യേറി സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ്; മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയത് സാജനും; പാര്‍ട്ടി ഓഫീസ് പെര്‍മിറ്റും ലൈസന്‍സും നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ…

തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ സമീപം ജീവനൊടുക്കിയ സാജന്‍ മലയാളികള്‍ക്ക് വേദനയാവുകയാണ്. എന്നാല്‍ ഈ കെട്ടിടത്തിനു സമീപം തന്നെയുള്ള സിപിഎം ഓഫീസ് പുറമ്പോക്ക് ഭൂമി കൈയ്യേറിയുള്ളതാണെന്ന ആരോപണം ഇപ്പോള്‍ ശക്തമാവുകയാണ്. പാര്‍ട്ടി കെട്ടിടത്തിന് മേല്‍ക്കൂര നിര്‍മിക്കാന്‍ പണം നല്‍കിയതാവട്ടെ സാജനും. സിപിഎം. ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനാണ് ആന്തൂര്‍ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെര്‍മിറ്റും െലെസന്‍സും നല്‍കിയത്.

ബക്കളം പഴയ ദേശീയപാതയോടു ചേര്‍ന്ന്, സാജന്റെ പാര്‍ത്ഥാ ഓഡിറ്റോറിയത്തിന് 50 മീറ്ററടുത്താണു പാര്‍ട്ടി ഓഫീസ്. ഒരാള്‍ സൗജന്യമായി നല്‍കിയ രണ്ടു സെന്റൊഴികെ, ബാക്കി പുറമ്പോക്ക് കൈയേറിയതാണെന്നാണു സൂചന. മൂന്നുനിലകളിലായി, കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിനാണു നഗരസഭ വേഗത്തില്‍ അനുമതി നല്‍കിയത്. കെട്ടിടനമ്പര്‍ ലഭിച്ചതോടെ താഴത്തെ നില വാടകയ്ക്കു നല്‍കി. സിപിഎം. ഓഫീസിനു സാജന്‍ സാമ്പത്തികസഹായം നല്‍കുമ്പോഴും തൊട്ടടുത്ത് അദ്ദേഹം നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനു പാര്‍ട്ടി ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു.

പ്രതിപക്ഷമേയില്ലാതെ, സിപിഎം. ഒറ്റയ്ക്കു ഭരിക്കുന്ന നഗരസഭയില്‍ പാര്‍ട്ടിക്കാര്‍ക്കുപോലും രണ്ടുനീതിയാണെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങള്‍ സാജന്റെ കാര്യത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ശിപാര്‍ശയുമായി ഇടപെട്ടതാണു നഗരസഭാധ്യക്ഷയെ പ്രകോപിപ്പിച്ചത്.സിപിഎം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള. നിങ്ങള്‍ക്കു പിടിപാടുള്ളവരില്‍നിന്നുതന്നെ അനുമതിയും വാങ്ങിക്കോളാനായിരുന്നത്രേ സാജനോടുള്ള ഭീഷണി. പാര്‍ട്ടി ഓഫീസിനു മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയ സാജന്‍ പാറയിലാണ് പാര്‍ട്ടി ഭരിക്കുന്ന നഗരസഭയുടെ പകപോക്കലിന് ഇരയായത്!

ജീവിതസമ്പാദ്യംകൊണ്ട് നാട്ടില്‍ സംരംഭമാരംഭിച്ച സാജന്റെ കഴുത്തില്‍ ചുവപ്പുനാട കുരുക്കിയ ആന്തൂര്‍ നഗരസഭ, സ്വാധീനത്തിനു വഴങ്ങി മറ്റു പലര്‍ക്കും വഴിവിട്ട സഹായങ്ങള്‍ കൊടുക്കുകയും ചെയ്തു. സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കാതിരുന്ന ഇതേ നഗരസഭയാണ് സി.പി.എം. കേന്ദ്രസമിതിയംഗം ഇ.പി. ജയരാജന്റെ മകന്‍ ഡയറക്ടറായ കമ്പനിക്കു കുന്നിടിച്ച് ആയുര്‍വേദാശുപത്രിയും റിസോര്‍ട്ട് സമുച്ചയവും നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.

പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പരിസ്ഥിതി സംഘടനകളുടെയും എതിര്‍പ്പു മറികടന്നാണു മൊറാഴയിലെ ഉടുപ്പ കുന്നിടിച്ച് ആയുര്‍വേദാശുപത്രി-റിസോര്‍ട്ട് സമുച്ചയത്തിന് ഇതേ നഗരസഭ അനുമതി നല്‍കിയത്. ഇ.പി. ജയരാജന്റെ മകന്‍ ജയ്സണ്‍ കമ്പനിയുടെ ഏഴു ഡയറക്ടര്‍മാരില്‍ ഒരാളാണ്. സാജന്റെ ”പാര്‍ത്ഥാ” കണ്‍വെന്‍ഷന്‍ സെന്ററിനു െലെസന്‍സ് നല്‍കാത്ത നഗരസഭാധികൃതര്‍ അവിടെ നടന്ന ചില വിവാഹങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതും വിവാദമായി.

Related posts