പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്തംഗമായ സിപിഎം നേതാവടക്കം 40 അംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തിയതായി പരാതി. കളളക്കേസില്‍ കുടുക്കി ജയിലിലടക്കയും കാറും വീട്ടുപകരണങ്ങളും തകര്‍ക്കുകയും ചെയ്തു.
കോടതി ജാമ്യം നല്കിയ മക്കള്‍ക്ക് വീട്ടില്‍ കയറാന്‍ പാര്‍ട്ടി വക ഊരുവിലക്ക്. സീതത്തോട് മൂന്നുകല്ല് തട്ടിക്കാട്ടില് പരേതനായ അമാവാസിയുടെ ഭാര്യ സൂര്യകല, സഹോദരി മൂന്നു കല്ല് ഗുരുമന്ദിരത്തിന് സമീപം പുളിക്കകുമ്പഴ, പരേതനായ രവീന്ദ്രന് നായരുടെ ഭാര്യ സുലക്ഷണ എന്നിവരാണ് സിപിഎമ്മിന്റെ ഊരുവിലക്കിലും അക്രമത്തിലും നട്ടം തിരിയുന്നത്. ഇവരില്‍ സൂര്യകല വര്‍ഷങ്ങളായി സിപിഎം പ്രവര്‍ത്തകയും കെഎസ്കെടിയു മൂന്നുകല്ല് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 19 ന് രാത്രി ഏഴോടെ സൂര്യകലയുടെ മകന് സുരേഷും അയല്‍വാസിയായ സിപിഐ പ്രവര്ത്തകന് സന്തോഷുമായി കാറിന് സൈഡ് കൊടുക്കുന്നതു സംബന്ധിച്ച് റോഡില്‍ തര്‍ക്കം ഉണ്ടായിരുന്നു.
പിന്നീട് വീടുകളിലെത്തിയ ശേഷം അയല്‍വാസിയായ സന്തോഷും ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഇയാളുടെ മകനും ചേര്‍ന്ന് സൂര്യകലയുടെ വീട്ടിലെത്തി മക്കളായ സുരേഷിനെയും അനുജന് അനീഷിനെയും അക്രമിച്ചു. തൊട്ടു പിന്നാലെ റാന്നി ബ്ലോക്ക് പഞ്ചായത്തംഗം ഷാനു സലിം, സിപിഎം സീതത്തോട് ലോക്കല്‍ സെക്രട്ടറി ജോബി ടി. ഈശോ എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന സംഘം വീടുവളയുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
സുരേഷിനെയും അനീഷിനെയും ക്രൂരമായി അക്രമിച്ച സംഘം തടസം പിടിക്കാനെത്തിയ സൂര്യകലയെയും കൈയേറ്റം ചെയ്തു. മുറ്റത്തുകിടന്ന കാര്‍ തകര്‍ത്തു. വീടിന്റെ കിടപ്പുമുറിയിലെ അലമാര തല്ലിപൊട്ടിച്ചു. വളര്‍ത്തു നായയെ വെട്ടി പരിക്കേല്പിച്ചു. പിന്നാലെ എത്തിയ പോലീസ് പരാതിക്കാരനായ സുരേഷിനെ അറസ്റ്റു ചെയ്ത് കൊണ്ടുപോയി. അക്രമം ഭയന്ന് വീട്ടില്‍ നിന്നും ഓടിപ്പോയ അനീഷിനെ തിരക്കി രാത്രി 12 ഓടെ ഗുണ്ടാസംഘം തൊട്ടടുത്ത് താമസിക്കുന്ന സൂര്യകലയുടെ സഹോദരി സുലക്ഷണയുടെ വീട്ടിലുമെത്തി അതിക്രമം നടത്തി.
അനീഷിന്റെയും സുരേഷിനെയും സംരക്ഷിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് സംഘം അവിടെ നിന്നുംതിരികെ പോയതെന്ന് സൂര്യകലയും സുലക്ഷണയും പത്രസമ്മേളനത്തില്‍ പറഞ്ഞു. അനീഷിനെ പിറ്റേന്ന് രാവിലെ പോലീസ് അറസ്റ്റുചെയ്തു.
തലയ്ക്കു പരിക്കുണ്ടായിരുന്ന അനീഷിനു ചികിത്സ നല്കാന് പോലീസ് തയാറായില്ല. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. നാലുദിവസത്തിനുശേഷം ജാമ്യം ലഭിച്ചെങ്കിലും വീട്ടില്‍ ചെല്ലരുതെന്നാണ് പോലീസ് നിര്‍ദേശം. തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് വയോധികരായ സൂര്യകലയും സുലക്ഷണയും പറഞ്ഞു.