‘വെറുപ്പാണ് എനിക്ക് സേഫ് ആണോ എന്ന ചോദ്യത്തോട്. ഒരു ഏറ്റുമുട്ടല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്നെപ്പോലെയുള്ള എല്ലാ പട്ടാളക്കാരുടെയും ഫോണിലേക്ക് വരുന്ന ചോദ്യമാണിത്; പട്ടാളക്കാരന്റെ മറുപടി ചര്‍ച്ചയാകുന്നു…

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മറ്റ് പട്ടാളക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഭയവിഹ്വലരായി ജവാന്മാരെ വിളിയോടു വിളിയാണ്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒറ്റ ചോദ്യം ‘ നീ സേഫ് ആണല്ലോ അല്ലേ?’. ഇതിന് ഒരു പട്ടാളക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘അല്ല ഞാന്‍ സേഫ് അല്ല. പക്ഷേ, നിങ്ങള്‍ സേഫാണ്. തലയില്‍ അശോകചക്രവും കൈയില്‍ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്’ എന്നായിരുന്നു മറുപടി.

അപകടം നടന്ന വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം കുന്നില്‍ വീട്ടില്‍ വിനോദ് എന്ന് സിആര്‍പിഎഫ് ജവാന് ഇപ്പോഴും തന്റെ കണ്‍മുന്നില്‍ നടന്ന പൊട്ടിത്തെറിയില്‍ നിന്നും മുക്തനായിട്ടില്ല. പൊട്ടിത്തെറിച്ച വാഹനത്തിന് തൊട്ട് പിന്നിലെ വാഹനത്തിലായിരുന്നു വിനോദ്. പൊട്ടിത്തെറിച്ച വാഹനത്തിലായിരുന്നു വിനോദും കയറേണ്ടിയിരുന്നത്. പക്ഷേ, ‘നീ അടുത്ത വണ്ടിയില്‍ വാ’ എന്നുപറഞ്ഞ് ഉറ്റ സുഹൃത്ത് അമരീന്ദര്‍സിങ് തന്നെ മാറ്റിയതാണെന്ന് വിനോദ് പറയുന്നു. അതുകൊണ്ട് തന്നെ താന്‍ ഈ ചോദ്യത്തെ വെറുക്കുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് അദ്ദേഹം പറുന്നു.

ട്രെയിനിംഗ് ക്യാമ്പില്‍ ആരംഭിച്ച സുഹൃത് ബന്ധമായിരുന്ന വിനോദും പഞ്ചാബിയായ അമരീന്ദര്‍സിംഗും തമ്മില്‍. ആക്രമണതലേന്നും ഒരേ മുറിയിലാണ് ഇരുവരും കിടന്നുറങ്ങിയത്. മുന്നില്‍ പോയ വാഹനത്തിന്റെ അവസാന സീറ്റിലായിരുന്നു അമരീന്ദര്‍ ഇരുന്നത്. സീറ്റില്‍ തിരിഞ്ഞിരുന്ന കൈവീശി കാണിച്ച അമരീന്ദന്ദറിന്റെ മുഖം ഇപ്പോഴും വിനോദിന്റെ കണ്ണില്‍ മായാതെ നില്‍ക്കുന്നു.ഗുര്‍ദാസ്പുരിലെ അമരീന്ദറിന്റെ വീട്ടിലേക്ക് വിനോദ് പോയില്ല. കാരണം അയാളുടെ കുഞ്ഞനുജത്തി ജ്ഞാന്‍പ്രീത് ഏട്ടനെ വിളിച്ച് കരയുന്നതും അച്ഛനും അമ്മയുമൊക്കെ അലമുറയിടുന്നതും കാണാന്‍ വയ്യാത്തതുകൊണ്ട്. പിരിച്ചുവെച്ച കോലന്‍ മീശയുടെ താഴെ തെളിയുന്ന നുണക്കുഴി കാട്ടിയുള്ള അവന്റെ ചിരി മനസ്സില്‍ മായാതെയുണ്ട്.

”വെറുപ്പാണ് എനിക്ക് സേഫ് ആണോ എന്ന ചോദ്യത്തോട്. ഒരു ഏറ്റുമുട്ടല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്നെപ്പോലെയുള്ള എല്ലാ പട്ടാളക്കാരുടെയും ഫോണിലേക്ക് വരുന്ന ചോദ്യമാണിത്. അല്ല, ഞാന്‍ സേഫല്ല. എന്റെ മാതൃരാജ്യത്തിനു മുകളില്‍ വട്ടമിട്ട് പറക്കുന്ന തീവ്രവാദത്തിന്റെ അവസാനത്തെ കഴുകനെയും ചിറകരിഞ്ഞ് വീഴ്ത്തുന്നതുവരെയും എന്റെ ജീവിതം സുരക്ഷിതമല്ല. അങ്ങനെ സുരക്ഷിതമാകാന്‍ ആഗ്രഹിക്കുന്നുമില്ല. എനിക്ക് പേടിയില്ല. അല്ലെങ്കിലും ഒരു പട്ടാളക്കാരനോടു പേടിയുണ്ടോ എന്ന് ചോദിക്കുന്നത് അവനെ കൊല്ലുന്നതിനു തുല്യമല്ലേ”- വിനോദ് തന്റെ സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശം ഇതായിരുന്നു.

Related posts