പുതിയ വാതുവപ്പ് കേസിനു പിന്നിലും കളിച്ചത് ദാവൂദിന്റെ ഡി കമ്പനി തന്നെ ! ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ആരോപണം നിഷേധിച്ചപ്പോള്‍ പ്രതികരിക്കാതെ പാകിസ്ഥാന്‍ ! മുനവറിന്റെ വെളിപ്പെടുത്തലിനോട് ഐസിസിയ്ക്കും മൗനം…

 ക്രിക്കറ്റ് ലോകത്ത് വീണ്ടും വാതുവപ്പ് വിവാദം ഉയരുമ്പോള്‍ പിന്നില്‍ കളിച്ചത് ദാവൂദും ഡികമ്പനിയുമാണെന്ന ചര്‍ച്ച സജീവമാകുന്നു. അല്‍ജസീറ ചാനല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്റെ കാരണവന്മാരായ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും പേര് ഉയര്‍ന്നു വന്നത് ഏവരെയും ഞെട്ടിക്കുകയാണ്.

2011-12 വര്‍ഷങ്ങള്‍ക്കിടെ നടന്ന 15 കളികളില്‍ (6 ടെസ്റ്റ്, 6 ഏകദിനം, 3 ട്വന്റി20) സ്പോട് ഫിക്സിങ് നടന്നതിനുള്ള തെളിവുകള്‍ അല്‍ജസീറ പുറത്തുവിട്ടു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളിലെ താരങ്ങള്‍ സ്പോട് ഫിക്സിങ്ങില്‍ ഏര്‍പ്പെട്ടതായാണു വെളിപ്പെടുത്തല്‍. ഇതില്‍ ഒന്ന് 2011ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് മല്‍സരമാണ്. സംഭവത്തെപ്പറ്റി ഐസിസി പ്രതികരിച്ചിട്ടില്ല. കുപ്രസിദ്ധ വാതുവയ്പ്പു സംഘത്തലവന്‍ മുംബൈ സ്വദേശി അനീല്‍മുനവറുമായി ചാനല്‍ റിപ്പോര്‍ട്ടര്‍ വാതുവയ്പ്പുകാരനെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണു പുറത്തു വന്നിരിക്കുന്നത്.

സ്പോട് ഫിക്സിങ്ങിന്റെ ഭാഗമായി ബാറ്റ്സ്മാന്മാര്‍ സ്വാഭാവിക ശൈലിക്കുചേരാത്ത പ്രകടനം നടത്തിയതായാണു ചാനലിന്റെ കണ്ടെത്തല്‍. പല പ്രമുഖ താരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഒരു കളിക്കിടെ ഒന്നിലധികം തവണ സ്പോട് ഫിക്സിങ് നടത്തിയതായും പറയുന്നു. അധോലോകനായകന്‍ ദാവുദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും അടുത്ത ബന്ധമാണ് അനില്‍ മുനവറിനുള്ളത്. ഫോണ്‍ സംഭാഷണങ്ങളില്‍ മുനവര്‍ നടത്തുന്ന 26 പ്രവചനങ്ങളില്‍ 25 എണ്ണവും ശരിയായി.

ഇയാളുടെ ഫോണ്‍ സംഭാഷണങ്ങളുടെ കൂടുതല്‍ വിവരം വരും ദിവസങ്ങളിലും പുറത്തുവിടുമെന്നു ചാനല്‍ അറിയിച്ചു. ക്രിക്കറ്റിനെ നിയന്ത്രിക്കുന്നവരില്‍ പ്രധാനി ദാവൂദാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് അല്‍ജസീറയുടെ വെളിപ്പെടുത്തല്‍. ദാവൂദിന്റെ ഡി കമ്പനിക്ക് ക്രിക്കറ്റിനോടുള്ള താല്‍പ്പര്യവും ഇതോടെ വ്യക്തമാവുകയാണ്.എന്തായാലും പുതിയ വാതുവപ്പ് ആരോപണങ്ങള്‍ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ നിഷേധിച്ചിട്ടുണ്ട്.

Related posts