Set us Home Page

ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കുന്നു ! ചൈല്‍ഡ് പോണോഗ്രഫിയും മയക്കുമരുന്ന് വില്‍പ്പനയും തകൃതി; ഡാര്‍ക്ക് വെബ് എന്ന അദൃശ്യമായ ഭീകരത സമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്നതിങ്ങനെ…

മധ്യപ്രദേശില്‍ നിന്നു പുറത്തു വന്ന ഹണിട്രാപ്പ് വാര്‍ത്തകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികളാണ് ഹണിട്രാപ്പില്‍ വീണത്. നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് പുറത്തു വന്നത്. കോളജ് വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ട്രാപ്പിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ അതിലും ഗുരുതരമായ മറ്റൊരു സംഗതിയെക്കുറിച്ചുള്ള വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇന്റര്‍നെറ്റിലെ രഹസ്യലോകം എന്നു വിശേഷിപ്പിക്കുന്ന ഡാര്‍ക്ക് വെബാണ് പുതിയ വില്ലനായി അവതരിച്ചിരിക്കുന്നത്. പലയിടത്തും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഡാര്‍ക്ക് വെബ് കേരളത്തിലും പിടിമുറുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഡാര്‍ക്വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വര്‍ധിക്കുന്നതായാണു കണ്ടെത്തിയത്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യല്‍, മനുഷ്യക്കടത്ത്, ആയുധവില്‍പന, കൊലപാതകം, ഭീകരവാദം, മാനഭംഗം മുതല്‍ പെണ്‍കുട്ടികളെ വില്‍പനയ്ക്ക് വയ്ക്കുന്നത് വരെയാണ് ഡാര്‍ക് വെബില്‍ നടക്കുന്നുണ്ട്. ഡാര്‍ക്ക് വെബില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് നിരവധി പെണ്‍കുട്ടികളെയാണ് ലക്ഷക്കണക്കിനു മലയാളികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഡാര്‍ക്വെബ്ബിലെ സൈറ്റുകളില്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ട്.

സഹകരണ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ വരെ ഇതിലുണ്ടെന്നാണ് വിവരം. ചൈല്‍ഡ് പോണോഗ്രഫിയാണ് ഡാര്‍ക്ക് വെബ്ബിലെ മറ്റൊരു പ്രശ്‌നം. ഡാര്‍ക്ക്‌നെറ്റില്‍ അശ്ലീലസൈറ്റ് സ്വന്തമായുണ്ടായിരുന്ന കനേഡിയനായ ബെഞ്ചമിന്‍ ഫോക്‌നര്‍ അറസ്റ്റിലാകുമ്പോള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തത് ആയിരത്തോളം പെണ്‍കുട്ടികളുടെ 47,000 ചിത്രങ്ങളും 2,900 വിഡിയോകളുമായിരുന്നു. 2016 നവംബറില്‍ അധികൃതര്‍ അടച്ചുപൂട്ടിയ മറ്റൊരു ഡാര്‍ക്ക്നെറ്റ് ചൈല്‍ഡ് അശ്ലീല സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റര്‍ ഫോക്കനറുടെ സഹപ്രവര്‍ത്തകനായിരുന്നു. ഇരുവര്‍ക്കുംകോടതി ജീവപര്യന്തം തടവാണ് വിധിച്ചത്.

മലയാളികളുടെ ഓണ്‍ലൈന്‍,ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗത്തെ ചൂഷണം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷന്‍ അടുത്തിടെ പ്രതികളെ പിടികൂടിയ ഒരു ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പു കേസില്‍, അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതു ഡാര്‍ക്വെബ് വഴിയാണ്. ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് വിറ്റ ചില കേസുകളും ഇതിനോടകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന എല്ലാ ലഹരിമരുന്നുകളും കേരളത്തിലും എത്തുന്നതായി സംശയിക്കണമെന്നു സൈബര്‍ വിദഗ്ധരും നര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും പറയുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇവയുടെ ആവശ്യക്കാരുടെ എണ്ണം കൂടിയതും ഗൗരവമായിക്കാണുകയാണ്. വന്യജീവികള്‍, വിഗ്രഹങ്ങള്‍, പുരാവസ്തുക്കള്‍, ചന്ദനം തുടങ്ങിയവ വില്‍ക്കാന്‍ മലയാളികള്‍ ഡാര്‍ക്വെബ്ബിനെ ആശ്രയിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS