ഇത് ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി; ഉത്തര്‍പ്രദേശില്‍ നിന്നും മകള്‍ വീട്ടിലെത്തിയത് സിവില്‍ സര്‍വീസില്‍ 42-ാം റാങ്കുമായി; പരീക്ഷ എഴുതിയതു പോലും അച്ഛന്‍ അറിഞ്ഞില്ല

ias600ഇതൊക്കെയാണ് സര്‍പ്രൈസ്, അല്ലെങ്കില്‍ ഇതിനെയൊക്കെയാണ് സര്‍പ്രൈസ് എന്നു വിളിക്കേണ്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഇക്കുറി വീട്ടിലെത്തിയ വെറ്റിനറി ഡോക്ടര്‍ അനു അച്ഛന് കൊടുത്തത് ഒരു ഒന്നന്നര സര്‍പ്രൈസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 42-ാം റാങ്ക്. മകള്‍ ഐഎഎസ് പരീക്ഷ എഴുതിയതു പോലും അറിഞ്ഞില്ലായിരുന്ന അച്ഛന് കേട്ടമാത്രയില്‍ ഇത് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അമ്മയില്ലാതെ വളര്‍ന്ന കുട്ടി തന്റെ സ്വപ്‌നം രഹസ്യമായി സാക്ഷാത്കരിച്ചപ്പോള്‍ ആ അച്ഛന്റെ ജന്മം സഫലമായി.  ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സ് ഗവേഷകയായ അനുവാണ് അച്ഛന്‍ അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍ പിള്ളയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. സംസ്ഥാനത്ത് നാലാം സ്ഥാനമാണ് അനുവിന്.

ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെഎസ്ആര്‍ടിസി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്നു മുരളീധരന്‍പിള്ള. ഭാര്യയുടെ മരണ ശേഷം ഏകമകള്‍ക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒമ്പത് വര്‍ഷം മുന്‍പ് സ്വയം വിരമിച്ചതും മകളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയായിരുന്നു. കുണ്ടറ എഴുകോണ്‍ കാരുവേലില്‍ സെന്റ് ജോണ്‍സ് സ്കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത്. മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെറ്ററിനറി സയന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് നേടി.

മൂന്നു മാസത്തോളം മണ്ണുത്തി കോളേജില്‍തന്നെ ജോലി ചെയ്തു. അപ്പോഴാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചത്. 2014ല്‍ ചെന്നൈയിലുള്ള ശങ്കര്‍ ഐ.എ.എസ്. അക്കാദമിയില്‍ കുറച്ച് നാള്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയി. 2015ല്‍ സിവില്‍ സര്‍വീസിന് ആദ്യ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ രണ്ടാം വട്ടം മകള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുത്തതോ എഴുതിയതോ മുരളീധരന്‍പിള്ള അറിഞ്ഞിരുന്നില്ല. അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാണ് അനു രഹസ്യമായി സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ നടത്തിയതും ഉന്നത വിജയം കരസ്ഥമാക്കിയതും. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ മകള്‍ റാങ്കു നേടണമെന്ന് അച്ഛന്‍ ആഗ്രഹിച്ചെങ്കിലും അതു സാധിച്ചു കൊടുക്കാന്‍ അനുവിന് കഴിഞ്ഞിരുന്നില്ല. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്കും പ്ലസ് ടുവിന് 89 ശതമാനം മാര്‍ക്കും നേടിയെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാത്തതിലുള്ള വിഷമം അനുവിനെ വല്ലാതെ അലട്ടിയിരുന്നു.

വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയതിനു ശേഷം ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണത്തിനായി അപേക്ഷിച്ചു. പ്രവേശന പരീക്ഷയിലൂടെ അവസരം കിട്ടുകയും ചെയ്തു. തുടര്‍ന്ന് അവിടേക്ക് വണ്ടി കയറിയപ്പോള്‍ അനു ലഗേജിനൊപ്പം രഹസ്യമായി മറ്റൊന്നു കൂടി കരുതിവച്ചു. ഐഎഎസ് എന്ന സ്വപ്നം. ആദ്യ തവണ പരാജയപ്പെട്ടതു കാരണം അച്ഛനോടു രണ്ടാം ശ്രമത്തിന്റെ കാര്യം മറച്ചു വച്ചു. അച്ഛനെ സങ്കടപ്പെടുത്തേണ്ടല്ലോ എന്നായിരുന്നു ചിന്തിച്ചത്. ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടോപാകാന്‍ നന്നേ ബുദ്ധിമുട്ടി. എങ്കിലും കഠിനപ്രയത്‌നം തുടര്‍ന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായം പലപ്പോഴും തുണയായി. ഒടുവില്‍ ഫലം വന്നപ്പോള്‍ 42-ാം റാങ്ക്. ഒരച്ഛനായി മകള്‍ കാത്തുവച്ച അമൂല്യ സമ്മാനമായിരുന്നു ഈ റാങ്ക്.

Related posts