മോട്ടോര്‍ സൈക്കിളില്‍ മകളുടെ മൃതദേഹവുമായി പിതാവ്! പരാതി പറയാന്‍ ചെന്നപ്പോള്‍ മന്ത്രിയുടെ സെക്രട്ടറി ആട്ടിപായിച്ചു; കളഹന്ദി സംഭവം ആവര്‍ത്തിക്കുന്നു

southlive_2017-02_df2f23fb-ca5e-44b0-8921-9fb9d6c78b35_Madhuragiri girl diedഒഡീഷയിലെ കളഹന്ദിയില്‍ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള മാര്‍ഗമില്ലാതെ കിലോമീറ്ററുകളോളം നടന്ന മധ്യവയസ്‌കന്റെ വാര്‍ത്ത ഈ അടുത്ത നാളുകളിലാണ് പുറത്തുവന്നത്. ഇപ്പോഴിതാ വീണ്ടും സമാനമായ വാര്‍ത്ത പുറത്തായിരിക്കുന്നു. ഇത്തവണ പനിയും ശ്വാസതടസവും മൂലം ക്ലേശിച്ച മകള്‍ക്ക് ചികിത്സയപേക്ഷിച്ച് നടന്ന പിതാവിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 20 വയസ്സുള്ള രത്‌നമ്മയാണ് കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. ബംഗളൂരുവില്‍ നിന്നും 150 കീമീ അകലെയുള്ള മധുഗിരി സ്വദേശിയായ രത്‌നമ്മയ്ക്ക് പനിയും ശ്വാസ തടസ്സവും നേരിട്ടതിനെ തുടര്‍ന്ന് ആറ് കീമീ ദൂരം മോട്ടോര്‍ സൈക്കിളില്‍ കിടത്തിയാണ് അച്ഛനും സഹോദരനും ചേര്‍ന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങിയെങ്കിലും രത്‌നമ്മയുടെ നില വഷളായതിനാല്‍ 21 കീമീ അകലെയുള്ള ആശുപത്രിയിലേക്ക് ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്താതിരുന്നതിനാല്‍ അടുത്തുള്ള സ്വകാര്യ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചെങ്കിലും രത്‌നമ്മയുടെ നില ഗുരുതരമായി തുടര്‍ന്നു. വീണ്ടും ആംബുലന്‍സ് വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് രത്‌നമ്മയുടെ പിതാവ് തിമ്മപ്പ മാധ്യമങ്ങളോട് പറഞ്ഞു. രത്‌നമ്മയുടെ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രത്‌നമ്മ മരിച്ചിരുന്നു. മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ വാഹന സൗകര്യം അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍ കൈമലര്‍ത്തിയെന്ന് തിമ്മപ്പനും രത്‌നമ്മയുടെ സഹോദരനും പറയുന്നു. വീണ്ടും മോട്ടോര്‍ സൈക്കിളില്‍ കിടത്തിയാണ് രത്‌നമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.

25 കീമീ അകലെയുള്ള മധുഗിരി ആശുപത്രിയിലേക്ക് നിരന്തരം ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ കാണിച്ച അനാസ്ഥയാണ് ചികിത്സ വൈകിപ്പിച്ചതെന്ന് രത്‌നമ്മയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ടാക്‌സിയില്‍ രത്‌നമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും 3000 രൂപയാണ് കൂലിയായി െ്രെഡവര്‍ ആവശ്യപ്പെട്ടത്. മുല്ലപ്പൂ കച്ചവടക്കാരാനായ തന്റെ കയ്യില്‍ ആകെ 150 രൂപ മാത്രമുണ്ടായിരുന്നുള്ളൂ എന്നും തിമ്മപ്പന്‍ പറയുന്നു. മറ്റൊരു വഴിയില്ലാതെ വന്നപ്പോഴാണ് മോട്ടോര്‍ സൈക്കിളില്‍ മകളെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചതെന്നും തിമ്മപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ച ദുരനുഭവങ്ങള്‍ അറിയിക്കാന്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രിയെ സമീപിച്ചപ്പോള്‍ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആട്ടിപായിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ തിമ്മപ്പന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടേയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച രത്‌നമ്മയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

Related posts