പ്രസവത്തിനെത്തിച്ച യുവതി മരിച്ചു; തലശേരി ഗവൺമെന്‍റ് ആശുപത്രിയിൽ സംഘർഷം; ജീവനക്കാരുടെ അനാസ്ഥമൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ ഉപരോധം

കണ്ണൂർ: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടർന്നാണ് തലശേരി ഗവ.ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

എന്നാൽ, തലശേരി എംഎൽഎ എ.എൻ.ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയതോടെ രംഗം ശാന്തമായി. ഇതിനു ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ബന്ധുക്കൾ സമ്മതിച്ചത്.

കൂത്തുപറമ്പ് വട്ടിപ്ര സ്വദേശിനിയായ 28കാരിയെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിലെത്തിച്ച യുവതിയുടെ നില ഗുരുതരമായിരുന്നിട്ടും വേണ്ട ചികിത്സ നൽകാൻ ജീവനക്കാർക്കായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും ഐസിയു ഉൾപ്പെടുന്ന കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്.

അതേസമയം, ആരോപണങ്ങ‍ൾ അടിസ്ഥാനരഹിതമാണെന്നും യുവതിക്ക് രക്തസമ്മർദം വർധിച്ചതാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

Related posts