കുമരകം: 140-ാം വർഷത്തിലേക്കു പദമൂന്നുന്ന മലയാളത്തിന്റെ ആദ്യ ദിനപത്രം തനിക്കു നൽകിയ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. ദീപികയുടെ ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിനെത്തുടർന്ന് ദീപിക നൽകിയ ഉപഹാരം കുമരകം ഗോകുലം ഗ്രാന്ഡ് റിസോർട്ടിൽവച്ച് ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് ദീപികയുടെ ഉപഹാരം മോഹൻലാലിനു സമ്മാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും സംബന്ധിച്ചു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തകളുടെ കൊളാഷാണ് ഉപഹാരമായി നൽകിയത്. ഈ ഉപഹാരം താൻ നെഞ്ചോടു ചേർക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
തന്റെ അഭിനയജീവിതത്തിന്റെ 25-ാം വാർഷികം ദീപികയുടെ ആഭിമുഖ്യത്തിൽ 2003 നവംബർ 29ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിച്ചത് മോഹൻലാൽ അനുസ്മരിച്ചു.
“48 വർഷത്തെ ഈ യാത്രയിൽ എല്ലാവരുടെയും സ്നേഹവും പിന്തുണയുമാണ് എന്നെ നയിക്കുന്നത്. എന്റെ കൂടെയുള്ളവരും എന്നോടൊപ്പം സഹകരിക്കുന്നവരുമെല്ലാമാണ് എന്നെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്. അവർക്കെല്ലാമായാണ് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സമർപ്പിക്കുന്നത്- മോഹൻലാൽ പറഞ്ഞു.
- സ്വന്തം ലേഖകൻ