ഗ്രേറ്റയുടെ ടൂള്‍കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ സംഘടനയോ ? സംഘടന പോപ്പ് ഗായിക റിയാനയ്ക്ക് കോടികള്‍ നല്‍കിയെന്നും റിപ്പോര്‍ട്ട്; യാഥാര്‍ഥ്യം അറിയാന്‍ പോലീസ്…

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് (ടൂള്‍ കിറ്റ്) സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഡല്‍ഹി പോലീസ്.

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍’ എന്നു വിശദീകരിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പിന്നില്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനയെന്ന നിഗമനത്തിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്.

കാനഡയിലെ സിഖ് സംഘടനയായ പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷന്‍, അവിടെയുള്ള ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം ജഗ്മീത് സിങ്, സ്‌കൈ റോക്കറ്റ് എന്ന പിആര്‍ ഏജന്‍സി എന്നിവയാണു കുറിപ്പ് തയാറാക്കാന്‍ മുന്‍കയ്യെടുത്തതെന്നാണു നിഗമനം.

കുറിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ഖലിസ്ഥാന്‍ അനുകൂല സംഘടന പോപ്പ് ഗായിക റിയാനയ്ക്കു കോടികള്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതു വ്യക്തമാക്കുന്ന വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ല.

ട്വിറ്ററില്‍ ഗ്രേറ്റ ഒരു ടൂള്‍കിറ്റ് പങ്കുവച്ചതോടെയാണ് ‘ഗൂഢാലോചന സിദ്ധാന്ത’ത്തിനു ശക്തി ലഭിച്ചത് ‘നിങ്ങള്‍ക്ക് സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇതാ ഒരു ടൂള്‍കിറ്റ് എന്ന കുറിപ്പോടെയാണു ഗ്രേറ്റ ഇതു പോസ്റ്റ് ചെയ്തത്.

കര്‍ഷക സമരത്തെ പിന്തുണയ്ക്കാനായി ട്വീറ്റില്‍ തരംഗമുണ്ടാക്കുക, ഇന്ത്യന്‍ എംബസികള്‍ക്കു പുറത്തു പ്രതിഷേധിക്കുക എന്നിവയുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ടൂള്‍കിറ്റില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് വിവാദമായതിനു പിന്നാലെ ഗ്രേറ്റ ട്വീറ്റ് പിന്‍വലിച്ച് ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.

വിദേശ ഗൂഢാലോചന ആരോപിച്ച് ആദ്യം രംഗത്തെത്തിയത് ബിജെപിയാണ്. ഗ്രേറ്റയുടെ ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം പേജുകള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശ് പ്രതാപിനെതിരേയും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിന്റെ ഉള്ളടക്കം ഗ്രേറ്റയുടേതാണെന്നും അത് പോസ്റ്റ് ചെയ്യുന്നതിന്റെ ചുമതല മാത്രമേ തനിക്കുള്ളൂവെന്നും അവരെ ഒരിക്കല്‍ മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂവെന്നും ആദര്‍ശ് പറഞ്ഞു.

Related posts

Leave a Comment