ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഓർഡർ കൈമാറുന്നതിനിടെ ഡെലിവറി ബോയി പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ സംഭവം, സുരക്ഷയെക്കുറിച്ചും ഡെലിവറി സമയത്ത് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
ഒരു കൊച്ചുപെൺകുട്ടിക്ക് ഓർഡർ കൈമാറാനാണ് ഡെലിവറി എക്സിക്യൂട്ടീവ് വീട്ടിലെത്തിയത്. ഡെലിവറി പൂർത്തിയാക്കിയ ശേഷം, ഡെലിവറി പ്രൂഫിനു വേണ്ടി ഫോട്ടോ എടുക്കാൻ സാധിച്ചില്ല എന്ന് ഇയാൾ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് അയാൾ വീടിനു മുൻവാതിലിന് നേരെ നീങ്ങുകയും വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ അയാൾക്ക് കൂടുതൽ മുന്നോട്ട് പോകുന്നതിന് മുൻപ് തന്നെ, എന്താണ് സംഭവിക്കുന്നതെന്ന് പെൺകുട്ടിയുടെ അമ്മ ശ്രദ്ധിക്കുകയും ഉടൻ തന്നെ അയാളെ തടഞ്ഞ് പുറത്തുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഡെലിവറി പാർട്ണർ പരുങ്ങുകയും സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
‘aajka_Lafda’ എന്ന എക്സ് ഹാൻഡിൽ വഴിയാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം തന്നെ പത്ത് ലക്ഷത്തിലധികംആളുകൾ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. വീടുകളിലേക്ക് ഡെലിവറികൾ നടക്കുമ്പോൾ, പ്രത്യേകിച്ച് കുട്ടികളോ പ്രായമായവരോ വാതിൽ തുറക്കുമ്പോൾ പാലിക്കേണ്ട വ്യക്തിഗത സുരക്ഷയെക്കുറിച്ച് ഈ ക്ലിപ്പ് പുതിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
വീടിനുള്ളിൽ മറ്റൊരു മുതിർന്ന വ്യക്തി ഉണ്ടെന്ന കാര്യം ഡെലിവറി എക്സിക്യൂട്ടീവ് അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് വീഡിയോ കണ്ട പലരും കരുതുന്നത്. എങ്കിലും ഇയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല.
അമ്മയുടെ സമയോചിതമായ ഇടപെടലിനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. അമ്മയുടെ ഇടപെടൽ അപകടകരമായൊരു സാഹചര്യത്തെയാണ് ഒഴിവാക്കിയതെന്ന് പലരും അഭിപ്രായപ്പെട്ടു.
