കോതമംഗലം: നഗരസഭ മാർക്കറ്റിലും പരിസരത്തും ഡെങ്കിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെയും എംഎൽഎയുടെയും സാന്നിധ്യത്തിലെടുത്ത അടിയന്തര തീരുമാനങ്ങളിൽ പലതും ആഴ്ച്ചകൾ കഴിഞ്ഞിട്ടും നടപ്പായില്ല. ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനും നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് തടയാനുമെടുത്ത തീരുമാനങ്ങളാണ് നടപ്പാകാത്തത്.
ഡെങ്കിപ്പനി പടർന്നുപിടിച്ച് മരണം വരെ സംഭവിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട വിവിധ നടപടികൾ കഴിഞ്ഞമാസം 30ന് കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ നഗരസഭ മാർക്കറ്റിൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുമെന്നായിരുന്നു ഒരു തീരുമാനം. എന്നാൽ രണ്ടാഴ്ചയാകുന്പോഴും മാർക്കറ്റിൽ ടോയ്ലറ്റ് സ്ഥാപിച്ചിട്ടില്ല.
മാർക്കറ്റിലെ വ്യാപാരികൾക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യമില്ലെന്ന പരാതി പരിഹരിക്കുന്നതിന് ബയോ ടോയ്ലറ്റുകൾ പര്യാപ്തകമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. കോതമംഗലം ടൗണിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിനും യോഗം തീരുമാനമെടുത്തിരുന്നു.
ഇങ്ങനെ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശവും നൽകിയിരുന്നു. മാലിന്യം തള്ളുന്നത് തടയാൻ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മാലിന്യം വലിച്ചെറിയുന്നതിൽ ഒരു കുറവുമുണ്ടായിട്ടില്ല.
പലഭാഗങ്ങളിലും മാലിന്യം കുന്നുകൂടുകയാണ്. ഒരാളെപോലും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇത് റോഡ് യാത്രക്കാർക്കും പരിസരവാസികൾക്കും കടുത്ത ദുരിതമായിരിക്കുകയാണ്. മാലിന്യംതള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.