ജയിലില്‍ പോകുംമുമ്പ് ആള്‍ദൈവം ഗുര്‍മീത് കലാപത്തിനു പണവും നല്കി, തെളിവുകള്‍ പുറത്ത്

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ നേതാവ് കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഉത്തരേന്ത്യയില്‍ കലാപം സൃഷ്ടിക്കാന്‍ ദേരാ മാനേജ്‌മെന്‍റ് അഞ്ചു കോടി രൂപ വിതരണം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

ദേരയുടെ പഞ്ച്കുള ബ്രാഞ്ച് തലവന്‍ ചംകൗര്‍ സിംഗാണ് ദേര മാനേജ്‌മെന്റില്‍നിന്നു പണം വാങ്ങി വിതരണം നടത്തിയത്. ഇയാള്‍ പഞ്ചാബിലെ മൊഹാലി സ്വദേശിയാണ്. ഓഗസ്റ്റ് 28ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചംകൗറും കുടുംബവും ഒളിവിലാണ്.

ദേരയ്ക്കു പുറമേ പഞ്ചാബ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഗുര്‍മീതിന്റെ സഹായികള്‍ പണം വിതരണം ചെയ്തു. കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ കനത്ത നഷ്ടപരിഹാരം നല്‍കാമെന്ന് ദേര മാനേജ്‌മെന്‍റ് സമ്മതിച്ചിരുന്നതായും അനുയായികള്‍ വെളിപ്പെടുത്തി. ചംകൗറിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.

അനുയായികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെ ഉത്തരേന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 38 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 250ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ 20 വര്‍ഷത്തെ കഠിനതടവാണ് ഗുര്‍മീതിനു വിധിച്ചിട്ടുള്ളത്.

Related posts