ദമ്പതികളുടെ അവകാശവാദം സത്യമോ ? പരിശോധനയ്ക്കായി ധനുഷ് കോടതിയില്‍; ഡിഎന്‍എ ടെസ്റ്റിനു തയാറാണെന്നും ദമ്പതികള്‍

Dhanush

ചെന്നൈ: തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടൻ കോടതിയിൽ ഹാജരായി. മദ്രാസ് ഹൈക്കോടതിയിലെ മധുര ​​ബഞ്ചിനു മുന്നിലാണ്​ ധനുഷ്​ നേരിട്ട്​ ഹാജരായത്​. തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനക്കായി അമ്മ വിജയലക്ഷ്മിക്കൊപ്പമാണ് നടൻ കോടതിയിലെത്തിയത്.

മധുര ജില്ലയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി കോടതിയിലെത്തിയത്​. ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയിൽ പ്രകാരം അവരുടെ കാണാതായ മകന്‍റെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈയിൽ ഒരു കലയുമുണ്ട്. എന്നാൽ ധനുഷ് ഹാജരാക്കിയ സ്​കൂൾ ടിസിയില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ല. തുടര്‍ന്ന് കോടതി ധനുഷിനോട് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ധനുഷിന്‍റെ ശരീരത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റിനു തയാറാണെന്നും ദമ്പതികൾ പറഞ്ഞിരുന്നു. വൃദ്ധദമ്പതികളുടെ പരാതി വ്യാജമാണെന്നും കോടതി കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷും കോടതിയിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന വാദത്തിൽ സ്കൂൾ സർട്ടിഫിക്കറ്റിന്‍റെ കോപ്പി ഇരുവരും സമർപ്പിച്ചിരുന്നു. എന്നാൽ കോപ്പി വേണ്ടെന്നും സ്കൂളിലെ ഒറിജിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവരാനും കോടതി ആവശ്യപ്പെടുകയായിരുന്നു.

Related posts