ആക്രമിക്കപ്പെട്ട നടി നല്‍കിയ രഹസ്യമൊഴിയില്‍ ദിലീപിന്റെ പേര് ? തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുള്ളതായും നടി; ദിലീപിന് വന്‍ തിരിച്ചടിയാവാന്‍ പോവുന്നത് ഈ മൊഴി…

കൊച്ചി: ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കോടതിയില്‍ നടത്തിയ രഹസ്യമൊഴിയില്‍ ദിലീപിന്റെ പേര് വ്യക്തമാക്കിയതായി സൂചന. ദിലീപിനെതിരേ കോടതിയ്ക്കു മുമ്പിലുള്ള ഏറ്റവും ശക്തമായ തെളിവും ഇതാണെന്നാണ് വിവരം. ദിലീപിന്റെ ജാമ്യാപേക്ഷ തുടര്‍ച്ചയായി തള്ളിപ്പോകുന്നതിന്റെ കാര്യവും ഇതുതന്നെയാണെന്നാണ് വിവരം.താന്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നല്‍കിയെന്നാണു സൂചന. ഈ സാഹചര്യത്തില്‍ ജാമ്യം കീറാമുട്ടിയാണെന്നാണു ദിലീപിന്റെ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കാനാണു പ്രോസിക്യുഷന്‍ നീക്കം. കാര്യങ്ങള്‍ ദിലീപിലേക്കു മാത്രം നീങ്ങുന്ന രീതിയിലാണു കുറ്റപത്രമെന്നാണു വിവരം. നാദിര്‍ഷ, അപ്പുണ്ണി, കാവ്യാ മാധവന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റമാകും ഇവര്‍ക്കുനേരെ ചുമത്തുക. പ്രധാനപ്രതി പള്‍സര്‍ സുനി മൂന്നു തവണ ജയിലില്‍ നിന്നു നാദിര്‍ഷയെ ഫോണ്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു തവണയേ വിളിച്ചുള്ളുവെന്നായിരുന്നു നാദിര്‍ഷായുടെ ആദ്യമൊഴി.തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ നാദിര്‍ഷ ഇക്കാര്യം സമ്മതിച്ചാല്‍ പ്രതിയാക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ജയിലില്‍ നിന്നു പള്‍സര്‍ സുനി പലവട്ടം ദിലീപിനെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ദിലീപിനെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് നാദിര്‍ഷയെയും കാവ്യയുടെ കാക്കനാട്ടെ വസ്ത്ര സ്ഥാപനത്തിലേക്കും വിളിക്കുന്നത്. കാവ്യമാധവനു സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. ദിലീപിന് ദോഷമാകരുതെന്ന ചിന്തയില്‍ കാവ്യ പല കാര്യങ്ങളും മറച്ചുവച്ചതാകാമെന്ന ചിന്തയിലാണ് പോലീസ്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും മറ്റാര്‍ക്കും സൂചന നല്‍കാതെ നടത്തിയ നീക്കമായിരുന്നുവെന്നുമാണു പോലീസിന്റെ നിഗമനം. സംഭവം നടന്നശേഷമാണു മറ്റുള്ളവര്‍ ഇതേപ്പറ്റി അറിയുന്നതും ദിലീപുമായി അടുപ്പമുള്ളവര്‍ എന്ന നിലയില്‍ സംശയത്തിന്റെ നിഴലിലാവുന്നതും.

Related posts