അധികാരം കിട്ടുമ്പോഴല്ല ആവിഷ്കാര സ്വാതന്ത്യത്തെക്കുറിച്ച് പ്രസംഗിക്കേണ്ടത്; കമലിനെതിരേ ആഞ്ഞടിച്ച് ടി.പി 51ന്റെ സംവിധായകന്‍ മൊയ്തു താഴത്ത്

kamal600കമല്‍ ഒളിച്ചിരിക്കുന്ന ആമയെന്ന് സംവിധായകന്‍ മൊയ്തു താഴത്ത്. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെക്കുറിച്ചു സിനിമയെടുത്ത ആളാണ് മൊയ്തു. താന്‍ സംവിധാനം ചെയ്ത ടി.പി. 51 എന്ന റിലീസ് തയ്യാറാന്‍ തയ്യാറായ തിയറ്ററുകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയും താന്‍ തെരുവിലേക്കു വലിച്ചിയക്കപ്പെടുകയും ചെയ്തപ്പോള്‍ എവിടെയായിരുന്നു ഇപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്യം പ്രസംഗിക്കുന്ന കമല്‍ എന്നാണു മൊയ്തു ചോദിക്കുന്നത്. 34 സ്വകാര്യ തിയറ്ററുകള്‍ സിപിഎം ഭീഷണിയെത്തുടര്‍ന്നു അവസാന നിമിഷം ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

കമലിന്റെ നയം ഇരട്ടത്താപ്പാണെന്നും മൊയ്തു പറയുന്ന മൊയ്തുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ഇന്നു ചാനലുകളില്‍ മധുരം വിളമ്പി ആഘോഷിക്കപ്പെട്ടത് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ പ്രതിഷേധ ജ്വാലയായിരുന്നു, ഒന്ന് പൊട്ടിക്കരയാനും ആര്‍ത്തു ചിരിച്ചു നിലവിളിക്കാനും തോന്നിയെനിക്ക്. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ചതഞ്ഞരഞ്ഞു പോയൊരു സംവിധായകനാണ് ഞാന്‍. ഓര്‍ക്കുന്നുണ്ടോ എന്റെ പ്രിയപ്പെട്ട മലയാളി പൊതുസമൂഹം ഫാസിസ്റ്റുകളാല്‍ 51 വെട്ടുകള്‍ കൊണ്ട് കീറിമുറിച്ച ടി.പി ചന്ദ്രശേഖരനെ കുറിച്ച്, സിനിമ എടുത്തതിന്റെ പേരില്‍ എന്നെ വേട്ടയാടിയ ഫാസിസ്റ്റുകള്‍ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയും വധഭീഷണി മുഴക്കിയും ഇവര്‍ ആഘോഷിച്ച ആവിഷ്കാരത്തിന്റെ നാളുകള്‍, മിസ്റ്റര്‍ കമല്‍ കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് എന്റെ സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തന്നില്ല.

ഒടുവില്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പൊരുതി സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തു,കേരളത്തില്‍ 59 തിയേറ്ററുകള്‍ ഞങ്ങള്‍ക്ക് അനുവദിക്കപ്പെട്ടു, പക്ഷെ ഫാസിസ്റ്റുകള്‍ ഉറങ്ങാതെ നിന്നു,അവര്‍ ഹിറ്റ്‌ലറെ പോലെ, മുസ്സോളനിയെ പോലെ, തിയേറ്ററുകളെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച റിലീസ് ആകേണ്ട സിനിമ അപ്രഖ്യാപിത വിലക്കുകളാല്‍ തിയറ്ററുകളില്‍ നിന്നു നീക്കം ചെയ്യപ്പെട്ടു. ഒരുപാട് സുഹൃത്തുക്കളില്‍ നിന്നു പ്രതീക്ഷയോടെ കടം മേടിച്ചെടുത്ത സിനിമ അനാഥമായപ്പോള്‍, ലക്ഷങ്ങളുടെ ബാധ്യതയാല്‍ ഞങ്ങള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ടു, മാധ്യമവാര്‍ത്തകളില്‍ ഈ സിനിമ വിവാദമായിട്ടും കമല്‍, താങ്കള്‍ ഒരു ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നു.

എവിടെയായിരുന്നു താങ്കളുടെ ചുവപ്പന്‍ ആവിഷ്കാരസ്വാതന്ത്ര്യം, രോഹിത് വെമുലയുടെ ഡോക്യുമെന്ററി പോലെ ഞങ്ങള്‍ പോരാടിയതും കറുത്ത ഫാസിസത്തിനെതിരായിരുന്നു, കോഴിക്കോട് ജില്ലയിലും വടകരയിലും 50 ദിവസം ഈ സിനിമ നിറഞ്ഞാടിയിട്ടും ഷക്കീലയുടെ സിനിമ പോലും കോടികള്‍ കൊടുത്തു വാങ്ങുന്ന കേരളത്തിലെ നട്ടെല്ലില്ലാത്ത ചാനലുകള്‍ ഞങ്ങള്‍ക്ക് സാറ്റലൈറ്റ് റേറ്റ് പോലും തന്നില്ല.

ഈ ചാനലുകള്‍ പറഞ്ഞത് അവര്‍ക്ക് ഭീഷണിയുണ്ടെന്നാണ്. മിസ്റ്റര്‍ കമല്‍ അധികാരം കിട്ടുമ്പോള്‍ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്കാര സ്വാതന്ത്ര്യം. അധികാരത്തിന്റെ മധുരം കിട്ടിയാല്‍ വിളിച്ചു കൂവേണ്ടതുമല്ല ആവിഷ്കാര സ്വാതന്ത്ര്യം, സഫ്ദര്‍ ഹാഷ്മി പറഞ്ഞത് പോലെ കലാകാരന്റെ ആശയത്തിന് വിലങ്ങു വീഴ്ത്തുന്നവര്‍ ഒരു യുഗത്തിന്റെ ശത്രുക്കള്‍ ആണ് കാലത്തിന്റെ ശത്രുക്കള്‍ ആണ്, കമലിനോട് എനിക്ക് സഹതാപമേ ഉള്ളൂ കാരണം ഇത് അധികാരത്തിന്റെയും ഫാസിസത്തിന്റെയും കെട്ട കാലമാണ്, ലാല്‍ സലാം’. മൊയ്തു താഴത്ത് പറയുന്നു.

തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രോത്സവത്തില്‍ രോഹിത് വെമൂലയെക്കുറിച്ചുള്ള സിനിമയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്രനിലപാടിനെതിരേ കഴിഞ്ഞ ദിവസം കമല്‍ രംഗത്തു വന്നിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ ഭരണ കൂടമടക്കമുള്ള ശക്തികള്‍ നീങ്ങുമ്പോള്‍ എല്ലാവരും രംഗത്തുവരണമെന്നായിരുന്നു കമലിന്റെ ആഹ്വാനം. ഇന്ന് പല ക്യാമ്പസുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Related posts