ഇന്ത്യന്‍-2ന്റെ സെറ്റില്‍ അപകടം ! സംവിധായകന്‍ ശങ്കറിന് ഗുരുതര പരിക്ക്; മൂന്ന് അസിസ്റ്റന്റ് സംവിധായകര്‍ മരിച്ചു

കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍-2ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ സംവിധായകന്‍ ശങ്കറിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. സംവിധാന സഹായികളായ മൂന്നു പേര്‍ അപകടത്തില്‍ മരിച്ചു. മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു.

ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട സംവിധാന സഹായികള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംവിധായകന്‍ ശങ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സൂചനകള്‍.

Related posts

Leave a Comment