പ്രായത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു വയോധികന് ഓർക്കാപ്പുറത്ത് നായയുടെ കടിയേറ്റാൽ എത്രത്തോളം വിഷമമുണ്ടാകും..? കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപം പുന്നക്കുന്ന് തട്ടിലെ ബേബി ചേട്ടൻ എന്ന ജേക്കബ് മുതലക്കാവിനെ അതിലേറെ മുറിവേൽപ്പിച്ചത് നായയുടെ ഉടമ അതിനോടു കാണിച്ച നിസംഗതയാണ്. അതുകൊണ്ടാണ് ബേബി ചേട്ടൻ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയത്. നായയുടെ ഉടമയായ വെള്ളരിക്കുണ്ട് പാത്തിക്കര അക്കരെ ഉന്നതിയിലെ എളേരി കുഞ്ഞിരാമൻ ബേബി ചേട്ടന് 2,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിയുമായി.
പക്ഷേ നഷ്ടപരിഹാരം നൽകാനെത്തിയ ഉടമയുടെ വിഷമം കണ്ടപ്പോൾ ബേബി ചേട്ടൻ വേദന മറന്നു. ഒരു ചേർത്തുപിടിക്കലിൽ പരാതി തീർന്നു. പണത്തിനേക്കാൾ വലുത് മനുഷ്യത്വമാണെന്ന് കണ്ടുനിന്നവരും പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 20 നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. 70 വയസുള്ള ബേബി ചേട്ടന് മരക്കച്ചവടമാണ് തൊഴിൽ. കുഞ്ഞിരാമന്റെ പറമ്പിലെ മരങ്ങൾ ബേബി ചേട്ടൻ വിലയ്ക്കു വാങ്ങിയിരുന്നു. മുറിച്ചിട്ട മരത്തടികൾ എടുക്കുന്നതിനിടെയാണ് കുഞ്ഞിരാമന്റെ വളർത്തുനായ പെട്ടെന്നു വന്ന് കടിച്ചത്. ഇടതുകാലിൽ ആഴമേറിയ മുറിവാണ് ഉണ്ടായത്.
മരം വില്പന നടത്തി എന്നതല്ലാതെ നായ കടിച്ചതിൽ തനിക്ക് ഉത്തരവാദിത്വമൊന്നും ഇല്ലെന്ന മട്ടിലുള്ള പ്രതികരണം കുഞ്ഞിരാമന്റെ ഭാഗത്തുനിന്നുണ്ടായപ്പോൾ അതിനെതിരേ പോലീസിലും പഞ്ചായത്തിലും പരാതി നൽകുകയല്ലാതെ ബേബി ചേട്ടന്റെ മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല.
നായ കടിച്ചതുമൂലം ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും ദിവസവും ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണെന്നും കെട്ടിയിടാതെ നായയെ വളർത്തിയതിന് പഞ്ചായത്ത് നിയമമനുസരിച്ച് കുഞ്ഞിരാമന്റെ പേരിൽ നടപടിയെടുത്ത് നഷ്ടപരിഹാരം വാങ്ങിത്തരണമെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇതുപ്രകാരം ബളാൽ പഞ്ചായത്ത് സെക്രട്ടറി കുഞ്ഞിരാമനെ വിളിപ്പിച്ചു. നഷ്ടപരിഹാരമായി 2,000 രൂപ ബേബി ചേട്ടന് നൽകാൻ നിർദേശിച്ചു.
പരാതി തീർപ്പാക്കുന്നതിനായി കഴിഞ്ഞ നാലിന് രാവിലെ പത്തു മണിക്ക് ഇരുവരെയും പഞ്ചായത്ത് ഓഫീസിലേക്ക് വീണ്ടും വിളിച്ചുവരുത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ സാന്നിധ്യത്തിൽ കുഞ്ഞിരാമനും ബേബി ചേട്ടനും വീണ്ടും കണ്ടുമുട്ടി. എന്നാൽ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തനിക്ക് തരാനുള്ള നഷ്ടപരിഹാര തുകയുമായി എത്തിയ കുഞ്ഞിരാമന്റെ വിഷമം കണ്ടപ്പോൾ ബേബി ചേട്ടന്റെ മനസലിഞ്ഞു.
തനിക്ക് നഷ്ടപരിഹാരമൊന്നും വേണ്ടെന്നും സംഭവിച്ചുപോയ തെറ്റിന് ഖേദപ്രകടനം മാത്രം മതിയെന്നുമായി ബേബി ചേട്ടൻ. ഇതോടെ രാജു കട്ടക്കയം ഇരുവരെയും ചേർത്തുപിടിച്ച് ഹസ്തദാനം ചെയ്യിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി എം. മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് ജീവനക്കാരി ശ്വേത എന്നിവരും ഈ വൈകാരിക നിമിഷത്തിന് സാക്ഷികളായി.
ഡാജി ഓടയ്ക്കൽ

