കിഴക്കന്‍ മൊസൂളില്‍ പാവകള്‍ തിരിച്ചുവരുന്നു! ഇസ്ലാമിക് ഭീകരര്‍ പിന്‍വാങ്ങിയതോടെ കുട്ടികള്‍ക്കിത് നല്ലകാലം; ഐഎസ് മടങ്ങിയതോടെ കോളടിച്ചത് മൊസൂളിലെ കളിപ്പാട്ട കച്ചവടക്കാര്‍

62442017_450കിഴക്കന്‍ മൊസൂളിലെ കുട്ടികളുടെ ഇപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. കാരണമിതാണ്. കിഴക്കന്‍ മൊസൂളിലെ പാവക്കടകളില്‍ പാവകളും ടെഡി ബെയറുകളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പ്രതിമകളും തിരിച്ചെത്തുന്നു. മൊസൂളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിന്‍വാങ്ങിയതോടെയാണ് പാവക്കടകള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നത്. മുഖങ്ങളോ കണ്ണുകളോ ഉള്ള പാവകളെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഐഎസ് പൂര്‍ണ്ണമായും നിരോധിച്ചിരുന്നു.

ഇറാഖിന്റെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ മൃഗങ്ങളുടെ പാവകള്‍ക്ക് പോലും ഐഎസ് വിലക്കേര്‍പ്പെടുത്തി.  വിഗ്രഹത്തിന്റെ മറ്റൊരു രൂപമായാണ് ഭീകരര്‍ പാവകളെ കാണുന്നത്. ജനുവരിയില്‍ യുഎസിന്റെ സൈനിക ഇടപെടലിന്റെ ഫലമായി ഐഎസ് പിന്‍വാങ്ങിയ ഉടന്‍ തന്നെ രണ്ട് പാവക്കടകള്‍ തുറന്നിരുന്നു. ഇപ്പോള്‍ 15 പാവക്കടകള്‍ മൊസൂളില്‍ തുറന്നിട്ടുണ്ടെന്ന് പാവകളുടെ മൊത്തക്കച്ചവടക്കാരനായ അബു മുഹമ്മദ് പറയുന്നു. പാവ ഇറക്കുമതിയിലുള്ള വിലക്കും ഇപ്പോള്‍ ഇല്ല. മുഖമുള്ള ഏതെങ്കിലും തരം പാവയുണ്ടെങ്കില്‍ കണ്ണ് മാത്രം കാണുന്ന തരത്തിലെ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പെണ്‍പാവകള്‍ക്ക് മുഖപടം ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമാണ്. അബു മുഹമ്മദ് ചൈനയില്‍ നിന്നും പാവകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഭൂരിഭാഗം പാവക്കടകളും സ്ഥിതിചെയ്യുന്നത് നഗരത്തിന്റെ വടക്കുഭാഗത്താണ്. അവിടെ ഇപ്പോഴും ഐഎസ് തീവ്രവാദികളും ഇറാഖി സുരക്ഷാഭടന്മാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ”കുട്ടികള്‍ക്ക് ഇഷ്ടമുള്ള കളിപ്പാട്ടം ഇനി തെരഞ്ഞെടുക്കാം.

ചിത്രങ്ങളും മുഖങ്ങളും നിരോധിച്ചിരുന്നതുകൊണ്ട് ഇത്രയുംനാള്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.” അബു സെയ്ഫ് എന്ന മറ്റൊരു കടക്കാരന്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ യുദ്ധ ഭീകരതയെയും ഓര്‍മകളെയും മറികടക്കാന്‍ ഈ പാവകള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുകയാണ് രക്ഷിതാക്കള്‍.  ”പ്രായഭേദനമന്യേ എല്ലാവരും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ പാവകള്‍ തിരിച്ചുവന്നിരിക്കുന്നു. നമ്മള്‍ സ്വതന്ത്രരാണ്.” വലിയ കണ്ണുകളുള്ള പാവകളെയും ജിറാഫുകളെയും കരടികളെയും കുതിരകളെയും ഉറ്റുനേക്കികൊണ്ട് കടയില്‍ നില്‍ക്കുന്ന മകനെ നോക്കി താഹ എന്നയാള്‍ പറഞ്ഞു, ”പാവകള്‍ നിരോധിച്ചത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. വിഗ്രഹാരാധനയുടെ പേരിലാണ് അവര്‍ പാവകളെ നിരോധിച്ചത്. ഈ പാവകള്‍ മിത്തുകളാണ്. അവര്‍ മുസ്ലിങ്ങളല്ല. അവര്‍ ഇസ്ലാമിനെ തകര്‍ക്കുകയാണ്”. താഹ ഐഎസിനെപ്പറ്റി പറയുന്നു. പാവകള്‍ തിരിച്ചെത്തിയത് ജീവനും ജീവിതവും തിരിച്ചുകിട്ടിയതിന്റെ പ്രതീകം കൂടിയാണന്നാണ് മൊസൂള്‍ നിവാസികള്‍ കരുതുന്നത്.

Related posts