ഞാന്‍ ഇതുവരെ നിപ്പാ വൈറസിനെതിരെ മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല! ദയവുചെയ്ത് ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ ഒഴിവാക്കുക; അപേക്ഷയുമായി ഡോക്ടര്‍

കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് നിപ്പാ വൈറസ് കടന്നുവന്നതും അനേകമാളുകളുടെ ജീവന്‍ കവര്‍ന്നതും, ഇപ്പോഴും ജനത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നതും. ഈയൊരു രോഗാവസ്ഥയ്ക്ക് ചികിത്സയില്ലെന്നതും പ്രതിരോധമാര്‍ഗങ്ങള്‍ പോലുമില്ലെന്നതുമാണ് നിപ്പായെക്കുറിച്ചുള്ള ഭയപ്പാട് ഇത്രയേറെ വര്‍ധിക്കാന്‍ കാരണം.

എന്നാല്‍ അതിനിടയ്ക്ക് ഒരു വാര്‍ത്ത പുറത്തുവന്നു. നിപ്പായെ പ്രതിരോധിക്കാനും നേരിടാനും അമേരിക്കന്‍ മലയാളിയായ ഒരു ഡോക്ടര്‍ മരുന്ന് കണ്ടുപിടിച്ചു എന്ന്. നിപ്പ വൈറസിനെതിരെ മരുന്നുണ്ടെന്ന രീതിയില്‍ മലയാളി ഡോക്ടറുടേതെന്ന രീതിയില്‍ സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

അമേരിക്കയിലെ മൗണ്ട് സിനായി ഇസാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ജനോമിക്‌സ് ആന്‍ഡ് മള്‍ട്ടി സ്‌കെയില്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഡോ.ഷമീര്‍ ഖാദറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഉള്‍പ്പടെയാണ് ഈ വ്യാജസന്ദേശം പ്രചരിച്ചത്.

എന്നാല്‍ അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം എന്താണെന്ന് വ്യക്തമായി വായിച്ച് മനസിലാക്കാതേയാണ് പലരും അത് ഷെയര്‍ ചെയ്തതും. ഈ സാഹചര്യത്തിലാണ് താന്‍ അങ്ങനെയൊരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന് വ്യക്തമാക്കി ഡോ ഷമീര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഡോ ഷമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പ്രിയരേ,

ഞാന്‍ ഡോ. ഷമീര്‍ ഖാദര്‍, അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ ശാസ്ത്രജ്ഞന്‍ ആണ്. ബിയോഇന്‍ഫോര്‍മാറ്റിക്‌സ്, പ്രെസിഷന്‍ മെഡിസിന്‍, ജീനോമിക് മെഡിസിന്‍, തുടിങ്ങിയ മേഖലയിലാണ് എന്റെ റിസര്‍ച്ച്.

ഡ്രഗ് റെപ്പോസിഷനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടു പിടിക്കാനുള്ള ത്രീവ്ര ശ്രമത്തിലാണ്. ഞങ്ങള്‍ ഇത് വരെ മരുന്ന് നിപാ വൈറസിനെതിരെ വാക്സിനോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല, എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏതെങ്കിലും മരുന്നിനു കഴിയുമോ എന്ന് ഗവേഷണം നടത്തുന്നുണ്ട്.

ഇതേക്കുറിച്ചു സംസാരിക്കാനായി പേരാമ്പ്ര അടുത്ത് ഉള്ള ഡോക്ട്േഴ്‌സിനെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. വിവിധ ഹോസ്പിറ്റലുകളെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിനെയും കോണ്ടാക്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് മെസ്സേജ്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ദയവായി ഒഴിവാക്കുക.

Related posts