പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കാന്‍ ദുബായ് ഭരണാധികാരി; അടിയന്തിര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം

മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ വിജയത്തിനു കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്കു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് കൈകോര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ദുരന്തമുഖത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണു സഹായാഭ്യര്‍ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നുവെന്നും മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റുകളില്‍ പറയുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കുറിപ്പിനു വലിയ പിന്തുണയാണു ലഭിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ യുഎഇ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്

”സഹോദരീ സഹോദരന്‍മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.”

Related posts