ഹൈദരാബാദ്: തെലുങ്കാനയിൽ ബിജെപി അധികാരത്തിലേറിയാൽ സംസ്ഥാനത്ത് മുസ്ലിം സമുദായത്തിനു നൽകിവരുന്ന നാലു ശതമാനം സംവരണം ഇല്ലാതാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തെലുങ്കാനയിലെ ജംഗോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രാജ്യത്തെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ ബിആർഎസ് സർക്കാർ നടത്തിയ അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ സൗജന്യമായി ദർശനം സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നവംബർ 30നാണ് തെലുങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.