അമ്മ പിടിക്കാന്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ യുവമുന്നണി, യുവതാരങ്ങളെ ഒതുക്കാന്‍ സിദ്ധിഖിനെ മുന്നില്‍ നിര്‍ത്തി ദിലീപ് പക്ഷം, വനിതാ കൂട്ടായ്മയുടെ പിന്തുണ യുവാക്കള്‍ക്ക്, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ താരസഘടനയില്‍ ചേരിതിരിവ് രൂക്ഷം

മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂണില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനുമുമ്പ് അധികാരം പിടിക്കാന്‍ അഭിനേതാക്കളിലെ വിവിധ ചേരികള്‍ രംഗത്തെത്തിയതാണ് അമ്മയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നത്.

14 വര്‍ഷം സംഘടനയെ നയിച്ചെന്നും ഇനി വയ്യെന്നും പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നസെന്റ് മാറുന്നതോടെ സംഘടന പിടിക്കുകയെന്നത് സൂപ്പര്‍ താരങ്ങളുടെ നേതൃത്വത്തിലുള്ള ചേരികള്‍ക്ക് അഭിമാന വിഷയമായി മാറി.

നിലവില്‍ മൂന്നു ചേരികളാണ് അമ്മയിലുള്ളത്. നിലവിലെ ഭരണസമിതിയോടും ഇന്നസെന്റിനോടും താല്പര്യമില്ലാത്ത യുവതാരങ്ങളുടെ പക്ഷമാണ് അതിലൊന്ന്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാര്‍വതി തുടങ്ങിയവര്‍ ഈ പക്ഷത്താണ്. ടൊവീനോ അടക്കം പല യുവതാരങ്ങളും പൃഥ്വി പക്ഷത്തെ നിശബ്ദ പിന്തുണക്കാരാണ്. പഴയ പല താരങ്ങളും മനസുകൊണ്ട് ഇവര്‍ക്കൊപ്പമാണ്.

പക്ഷേ ആരും പരസ്യമായി പറയുന്നില്ലെന്ന് മാത്രം. നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ളതാണ് രണ്ടാമത്തെ ചേരി. സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ദിലീപ് ചേരിക്കൊപ്പമാണ്. ഇന്നസെന്റിന്റെ പിന്തുണയും ഇവര്‍ക്കൊപ്പമാണ്. പിന്നെയുള്ളത് ബാലചന്ദ്ര മേനോന്‍ പ്രസിഡന്റാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗമാണ്.

പൃഥ്വിരാജ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തണമെന്നാണ് സംഘടനയിലെ ഭൂരിഭാഗം പേരുടെയും ആഗ്രഹം. എന്നാല്‍ എപ്പോഴും സംഘര്‍ഷ കലുഷിതമായ അമ്മയെ നയിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നാണ് പൃഥ്വിയുടെ നിലപാട്. ഇക്കാര്യം അടുത്ത സുഹൃത്തുക്കളോട് അദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പൃഥ്വിയുടെ മനസു മാറ്റാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ വ്യക്തവും ശക്തവുമായ നിലപാടെടുത്ത പൃഥ്വിക്ക് സിനിമലോകത്ത് വലിയ സ്വീകാര്യത നല്കിയിരുന്നു. പൃഥ്വി മത്സരിച്ചാല്‍ ജയിക്കുമെന്ന് തന്നെയാണ് യുവതാരങ്ങളുടെ കൂട്ടായ്മ വിശ്വസിക്കുന്നത്.

ദിലീപ്-ഇന്നസെന്റ് പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി സിദ്ധിഖിനെ മത്സരിപ്പിക്കാനാണ് തയാറെടുക്കുന്നത്. ദിലീപ് ജയിലില്‍ പോയ സമയത്തെല്ലാം എല്ലാകാര്യത്തിലും സിദ്ധിഖ് ജനപ്രിയ നായകനൊപ്പം ഉറച്ചുനിന്നിരുന്നു. അതുകൊണ്ട് തന്നെ പല താരങ്ങള്‍ക്കും സിദ്ധിഖിനോട് അത്ര താല്പര്യമില്ല.

പൊതുസമ്മതനായ ബാലചന്ദ്ര മേനോനെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിഞ്ഞതവണ മത്സരിച്ചു തോറ്റ ചിലരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുണ്ട്. വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റാകണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അമ്മയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് അസംതൃപ്തനായ മമ്മൂട്ടിയും സ്ഥാനം ഒഴിയുമെന്നും സൂചനയുണ്ട്. എന്തായാലും ജൂണിലെ തെരഞ്ഞെടുപ്പ് കലുഷിതമാകുമെന്ന് ഉറപ്പാണ്.

Related posts