ഇ.പി.ജയരാജന്‍റെ മടങ്ങിവരവിന് എൽഡിഎഫ് അംഗീകാരം; തിരിച്ചുവരവ് വ്യവസായ മന്ത്രിയായി തന്നെ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പുറത്തുപോയ ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിന് എൽഡിഎഫ് അംഗീകാരം നൽകി. ഇന്ന് ചേർന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യം അംഗീകരിച്ചതെന്ന് കണ്‍വീനർ എ.വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജയരാജന്‍റെ മടങ്ങിവരവ് സംബന്ധിച്ച് സിപിഎമ്മും സിപിഐയും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. സിപിഎമ്മിന് ഒരു മന്ത്രികൂടി അധികമുണ്ടാകുന്ന സാഹചര്യത്തിൽ ക്യാന്പിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി സിപിഐക്ക് ലഭിക്കും. ഇക്കാര്യത്തിലും നേരത്തെ ധാരണയായിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്‍റെ മടങ്ങി വരവിന് പച്ചക്കൊടി വീശിയിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ നേതൃത്വവുമായി ആശയവിനിമയം നടത്തി ധാരണയിലെത്തിയ ശേഷമാണ് ഇന്ന് എൽഡിഎഫിൽ വിഷയം അവതരിപ്പിച്ചത്.

വ്യവസായ മന്ത്രിയായി തന്നെയാണ് ജയരാജൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് രാജ്ഭവനിൽ ആഘോഷങ്ങളൊന്നുമില്ലാതെ സത്യപ്രതിജ്ഞ നടക്കും. മഴക്കെടുതിയിൽ സംസ്ഥാനം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം സർക്കാർ ഒഴിവാക്കുകയായിരുന്നു.

Related posts