കുട്ടികള്‍ക്ക് ‘ഭഗവാന്‍’ തന്നെയാണ് ഈ അധ്യാപകന്‍! സ്ഥലം മാറ്റം കിട്ടിയ അധ്യാപകനോട് തങ്ങളെ വിട്ടുപോകരുതെന്ന് കരഞ്ഞപേക്ഷിച്ച് വിദ്യാര്‍ത്ഥികളും, അവരുടെ സ്‌നേഹം കണ്ട് പൊട്ടിക്കരഞ്ഞ് അധ്യാപകനും; വ്യത്യസ്തമായൊരു കാഴ്ച

ഒരു യഥാര്‍ത്ഥ അധ്യാപകന്‍ വിദ്യാര്‍ത്ഥിയ്ക്ക് ദൈവമാണ്. കുട്ടികളിലെ അന്ധകാരത്തെ വെളിച്ചമാക്കുന്നയാള്‍. അങ്ങനെവരുമ്പോള്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ വെളിഗരം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഈ കുട്ടികള്‍ ചെയ്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ഭഗവാന്‍ എന്ന ഇരുപത്തിയെട്ടുകാരനായ അധ്യാപകന് സ്‌കൂളില്‍ നിന്ന് മാറ്റം ലഭിച്ചതില്‍ വേദനിച്ച്, ഹൃദയം നുറുങ്ങി അധ്യാപകനോട് തങ്ങളെ വിട്ട് പോകരുതെന്ന് അപേക്ഷിക്കുന്ന കുട്ടികളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

തിരുവള്ളൂരിലെ തന്നെ ബൊമ്മരാജ് പേട്ടൈ എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ഭഗവാന്‍ 2014ലാണ് സര്‍വീസില്‍ കയറുന്നത്. വലിയ പഠനനനിലവാരം ഒന്നും ഇല്ലാത്ത വെളിഗരം സര്‍ക്കാര്‍ സ്‌കൂളില്‍ ആദ്യ നിയമനം.

നാല് വര്‍ഷം കൊണ്ട് വളരെ താഴ്ന്ന നിലവാരത്തിലായിരുന്ന സ്‌കൂളിനെ പേര് അന്വര്‍ത്ഥമാക്കികൊണ്ട് ഭഗവാന്‍ എന്ന ഈ അധ്യാപകന്‍ കൈപിടിച്ചുയര്‍ത്തി. വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവും, ജ്യേഷ്ടനും , സുഹൃത്തുമൊക്കെയായി ആ മനുഷ്യന്‍ മാറി.

ഇരുന്നൂറ്റി അമ്പതിലധികം വിദ്യാര്‍ഥികളുണ്ട് നിലവില്‍ ഈ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍. ആറ് മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഭഗവാനാണ്. അധ്യാപകന്റെ സ്ഥലം മാറ്റം കുട്ടികളറിഞ്ഞു.

ഇന്ന് യാത്ര പറഞ്ഞ് ഇറങ്ങിയ ആ യുവ അധ്യാപകനെ കുട്ടികളൊന്നടങ്കം തടഞ്ഞു. ചിലര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു. ‘ഞങ്ങളെ വിട്ട് പോകരുത്”. ‘സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കുക’ എന്നീ ആവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുമായി ചില കുട്ടികള്‍ മുദ്രാവാക്യം വിളിച്ചു.

പോവരുതെന്ന് പറഞ്ഞ് അധ്യാപകന്റെ കാലില്‍ വീണ് പൊട്ടിക്കരയുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ കണ്ണ് നിറയും. അധ്യാപകന് ചുറ്റും നിന്ന് കുട്ടികളും രക്ഷിതാക്കളും പോകരുതെന്ന് യാചിച്ചു.

എല്ലാവരും ചേര്‍ന്ന് എടുത്തുയര്‍ത്തി ഗുരുനാഥനെ വീണ്ടും ക്ലാസിലെത്തിച്ചു. വിദ്യാര്‍ഥി സ്‌നേഹത്തിന് മുന്നില്‍ ഗുരുനാഥന്‍ പൊട്ടിക്കരയുന്ന കാഴ്ച മാത്രം മതി ആ മനുഷ്യന്റെ നന്മയറിയാന്‍. മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കേണ്ടി പോലും വന്നു സര്‍ക്കാരിന്. കുട്ടികള്‍ക്ക് ആശ്വാസവും.

Related posts