ക്രിസ്മസ്‌ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ താപനില 20.8 സെന്റിഗ്രേഡ്

europeസൂറിച്ച്: ക്രിസ്മസ് ദിവസം സ്വിറ്റസര്‍ലന്‍ഡിലെ ടെസിന്‍ പ്രവിശ്യയിലെ സെവിയോയില്‍ രേഖപ്പെടുത്തിയ താപനില 20.8 സെന്റിഗ്രേഡ് ആണ്. ഇവിടെതന്നെ കൊമ്പ്രോവാസ്‌കോയില്‍ 19.3 സെന്റി ഗ്രേഡും. ഈ പോക്കുപോയാല്‍ താമസിയാതെ ക്രിസ്മസ് ചിത്രങ്ങളില്‍ നിന്നും മഞ്ഞ് ഔട്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന സ്വിറ്റസര്‍ലന്‍ഡിന്റെ തെക്കന്‍ ഭാഗത്തുള്ള പ്രവിശ്യയാണ് ടെസിന്‍. ആല്‍പ്‌സിന്റെ വടക്കന്‍ മേഖലയെ അപേക്ഷിച്ച് തെക്കന്‍ മേഖലയില്‍ അന്തരീക്ഷ താപനില പൊതുവെ കൂടുതലാണ്. ഈ ഭാഗത്ത് ക്രിസ്മസ് ദിവസം രാവിലത്തെ താപനില പോയ വര്‍ഷങ്ങളിലെല്ലാം കൂടിക്കൂടി വരികയാണ്. ഇതിനു പിന്നില്‍ പ്രാദേശികകമായ ഘടകങ്ങളും ആഗോള കാലാവസ്ഥ വ്യതിയാനവുമാണെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

തണുപ്പ് കൂടിയ ആല്‍പ്‌സിന്റെ വടക്കന്‍ മേഖലയിലും മഞ്ഞില്ലായിരുന്നു. വടക്കു ഭാഗത്ത് അവസാനമായി ക്രിസ്മസിന് മഞ്ഞു പെയ്തത് 2010 ല്‍ ആണ്. 2012 ല്‍ 20ഉം, 2013 ല്‍ 17ഉം, 2014 ലും 2015 ലും 15 സെന്റിഗ്രേഡ് താപനിലയാണ് പോയ വര്‍ഷങ്ങളിലെ ക്രിസ്മസ് ദിവസത്തെ കൂടിയ താപനില. സമുദ്ര നിരപ്പിന് 1200 മീറ്ററിന് മുകളിലേക്കാണ് നേരിയ മഞ്ഞുവീഴ്ച ഉണ്ടായത്.

നവംബര്‍ പകുതി മഞ്ഞു പെയ്തതിനുശേഷം സ്വിസിലെ സമതല പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച ഉണ്ടായിട്ടില്ല. ഈ സമയത്തെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച സ്കി റൈഡിംഗ് കേന്ദ്രങ്ങളില്‍, 2000 മീറ്ററിന് താഴെയുള്ള മിക്കതും മഞ്ഞില്ലാത്തതിനെ തുടര്‍ന്ന് പൂട്ടി. വൈറ്റ് ക്രിസ്മസിന് പകരം ഗ്രീന്‍, അല്ലെങ്കില്‍ ആഷ് ക്രിസ്മസ് എന്ന് താമസിയാതെ പറഞ്ഞു തുടങ്ങിയാലും അദ്ഭുമില്ലാത്ത സ്ഥിതിയാണ്.

Related posts