അറബ് മാന്ത്രിക ചികിത്സ കേട്ടറിഞ്ഞ് ആളുകള്‍ ഒഴുകിയെത്തിയതോടെ ചികിത്സകന് ചാകരയായി…ഭര്‍ത്താവുമായി അടുക്കാനുള്ള മാര്‍ഗം തേടിയെത്തിയ യുവതിയെ മുതലാക്കാന്‍ നോക്കിയപ്പോള്‍ അടവൊന്നു പിഴച്ചു; വടകരയിലെ മാന്ത്രിക ചികിത്സകന്റെ കള്ളി പൊളിഞ്ഞത് ഇങ്ങനെ…

വടകരയില്‍ അറബിക് മാന്ത്രികത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ചികിത്സകന്‍ അറസ്റ്റില്‍. വടകര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വ്യാജവൈദ്യന്‍ കുടുങ്ങിയത്. 2000 മുതല്‍ അറബ് മാന്ത്രിക ചികിത്സ ആരംഭിച്ച പ്രതി ഒരു സ്വകാര്യ ചാനലില്‍ ‘അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം’എന്ന പേരില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. കുട്ടികളില്ലാത്തവര്‍, ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്ത്രീകള്‍, ഭൂമി വില്‍പ്പനയ്ക്കുള്ള തടസ്സം നീക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് ചികിത്സ നടത്തിയത്.

ദിനം പ്രതി അഞ്ഞൂറോളം പേര്‍ ചികിത്സക്കെത്തിയതായി ഇയാള്‍ പൊലിസിനോട് പറഞ്ഞു. പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് ചികിത്സക്കായി ഓരോരുത്തരില്‍ നിന്നും വാങ്ങിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന പരാതിക്കാരി ഭര്‍ത്താവുമായി അടുക്കാന്‍ വേണ്ടി ചികിത്സക്കായി എത്തിയപ്പോള്‍ ഇയാള്‍ അവസരം ശരിക്കും മുതലാക്കി. ഇവരില്‍ നിന്ന് പലപ്പോഴായി ഏഴ് ലക്ഷം രൂപ ഇയാള്‍ അടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.

പണം നല്‍കിയിട്ടും കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ യുവതി പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ നല്‍കാന്‍ പ്രതി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലിസിനെ സമീപിച്ചത്. അങ്ങനെയാണ് വ്യാജഡോക്ടര്‍ പിടിയിലാകുന്നത്. വയനാട് പെരിയ മുള്ളല്‍ സ്വദേശി കളരിത്തൊടി ഡോ: ഉസ്മാന്‍ ഹാജി മുസ്ലിയാരെ(47)യാണ് വടകര സി.ഐ. എം.എം.അബ്ദുള്‍കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാണാസുരസാഗറിനടുത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വണ്‍ഡേ റിസോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related posts