പ്ലസ്ടു പാസാകാന്‍ കഴിഞ്ഞില്ലെങ്കിലും പറയുന്നത് താന്‍ സിവില്‍ സര്‍വീസ് നേടിയ കഥകള്‍ ! ഔദ്യോഗിക മുദ്രകളുള്ള വാഹനത്തില്‍ ഐപിഎസുകാരനായി കറങ്ങിയപ്പോഴും ആരും തിരിച്ചറിഞ്ഞില്ല; മോട്ടിവേഷണല്‍ സ്പീക്കറെ ഒടുവില്‍ കുടുക്കിയത് ആ രണ്ടു പിഴവുകള്‍..

പന്ത്രണ്ടാം ക്ലാസ് പോലും പാസായിട്ടില്ല, പക്ഷേ താന്‍ മണിക്കൂറുകള്‍ പഠിച്ച് സിവില്‍ സര്‍വീസും ഐപിഎസും നേടിയ കഥകള്‍ പറഞ്ഞ് മോട്ടിവേഷണല്‍ ക്ലാസെടുക്കും, പോലീസുകാര്‍ക്ക് മെഡലുകള്‍ വരെ സമ്മാനിച്ച് തിളങ്ങി, മോട്ടിവേഷണല്‍ ടോക്കറെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലും മിന്നും താരം, ഒടുക്കം അഭയ് മീണ എന്ന വ്യാജ ഐപിഎസ് ഓഫീസറെ കുടുക്കിയത് രണ്ടേ രണ്ട് അക്ഷരതെറ്റുകള്‍

ഫെയ്ക്ക് ഇറ്റ്, റ്റില്‍ യു മെയ്ക്ക് ഇറ്റ് .. വളരെ പ്രശസ്തമായ ഈ വാചകം പോലെയാണ് അഭയ് മീണ എന്ന 20കാരന്റെ ജീവിതം. ഇത്ര ചെറിയ പ്രായത്തില്‍ മോട്ടിവേഷണല്‍ ടോക്കര്‍ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ അഭയ് മീണ ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിലസുകയായിരുന്നു.

ദിനരാത്രങ്ങള്‍ കഷ്ടപ്പെട്ട് താന്‍ പഠിച്ചു സിവില്‍ സര്‍വീസ് പരീക്ഷ പാസായതും ഐപിഎസ് ഓഫീസര്‍ ആയതുമൊക്കെ വര്‍ണിച്ച് ആളെക്കൂട്ടിയിരുന്ന അഭയ് സമൂഹ മാധ്യമങ്ങളിലും താരമായിരുന്നു. ഈ ചെറിയ പ്രായത്തില്‍ തന്നെ എങ്ങനെ ഐപിഎസ് കിട്ടി ഉയര്‍ന്ന പോലീസുകാര്‍ പോലും ചോദിച്ചില്ല എന്നതു മാത്രമല്ല, ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെന്നു കരുതി അഭയ്‌യെ സല്യൂട്ടടിച്ച പോലീസ് മേധാവികള്‍ വരെയുണ്ടെന്നതാണു വിരോധാഭാസം.

പോലീസുകാര്‍ക്ക് വിശിഷ്ട സേവാ പുരസ്‌കാരം നല്‍കാന്‍ വരെ അഭയ് പോയിരുന്നുവെന്നത് ഇതിനു തെളിവ്. പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ ഏറെ ബഹുമാനിതനായിരുന്നു അഭയ്. ലുക്കിലും ഭാവത്തിലുമെല്ലാം തനി ഐപിഎസുകാരനായി ഞെളിഞ്ഞു നടന്ന അഭയ് താമസിച്ചിരുന്നത് മുന്തിയ ഹോട്ടലുകളിലായിരുന്നു.

പണം പോലും നല്‍കാതെയായിരുന്നു ഈ താമസം മുഴുവന്‍. ഡല്‍ഹി കേഡറിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താനെന്നായിരുന്നു അഭയ് പരിചയപ്പെടുത്തിയിരുന്നത്.

ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ മൂന്നു നക്ഷത്രങ്ങളുടെ ചിഹ്നം പതിപ്പിച്ച കാറിലാണ് ഇയാള്‍ നഗരത്തിലൂടെ കറങ്ങിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്നും വാഹനത്തില്‍ പതിച്ചിരുന്നു. യാതൊരു വിധത്തിലും സംശയത്തിന് ഇട നല്‍കാത്ത രീതിയില്‍ പെരുമാറിയിരുന്ന അഭയെ കുടുക്കിയത് രണ്ട് അക്ഷരത്തെറ്റുകളാണ്.

അഭയ്യുടെ ക്രൈം ബ്രാഞ്ചിന്റെ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന രണ്ട് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. ബ്രാഞ്ച് എന്നതിന് branche എന്നും ക്യാപിറ്റല്‍ എന്നതിന് capitol എന്നുമായിരുന്നു അഭയുടെ കാര്‍ഡില്‍. ഇതാണ് അഭയ്യുടെ അറസ്റ്റിലേക്കു നയിച്ചത്.

അറസ്റ്റു ചെയ്ത സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനു മുന്നിലും ഇയാള്‍ തന്റെ ഉന്നതത്തിലുള്ള സ്വാധീനം കാട്ടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അഭയ് മീണ പന്ത്രണ്ടാം ക്ലാസ് പാസായിട്ടില്ലെന്നും മറ്റുമുള്ള സത്യം മനസിലാക്കിയത്.

ഐഐടിയുടെയും യുപിഎസി പരീക്ഷകളിലും എങ്ങനെ വിജയം കൈവരിക്കാം എന്ന് വളരെ ആധികാരികമായി സംസാരിച്ചിരുന്ന അഭയ്ക്ക് സമൂഹമാധ്യമങ്ങളിലും വന്‍ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. ഇത്ര ചെറുപ്പത്തില്‍ തന്നെ ഐപിഎസ് നേടാനാകുമെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ച അഭയ് ചുരുക്കത്തില്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരമായി വിലസുകയായിരുന്നു.

എന്തായാലും ഐപിഎസ് ഉദ്യോഗസ്ഥനായി തങ്ങളുടെ മുന്നില്‍ വിലസിയിട്ടും അതു മനസിലാക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു പോലും സാധിച്ചില്ലെന്നതാണ് വാര്‍ത്തയിലെ കൗതുകം.

Related posts