ഒരു മകനെ ഞാന്‍ ഭാരതമാതാവിനായി ബലി നല്‍കി ! അടുത്ത മകനെയും രാജ്യത്തിനായി പോരാടാന്‍ ഞാന്‍ അയയ്ക്കും; പുല്‍വാമ ആക്രമണത്തില്‍ രക്തസാക്ഷിയായ സൈനികന്റെ പിതാവിന്റെ ചുട്ടുപൊള്ളുന്ന വാക്കുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി. അടുത്ത മകനെയും ഞാന്‍ രാജ്യത്തിനായി പോരാടാന്‍ അയയ്ക്കും.മാതൃരാജ്യത്തിനായി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണം. സ്വന്തം മകന്‍ പോയ വേദനയിലും ധൈര്യം വെടിയാതെ ഒരു പിതാവ് പറയുകയാണ്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവേറാക്രമണത്തിനിടെ വീരമൃത്യു വരിച്ച ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശി രത്തന്‍ ഠാക്കൂറിന്റെ പിതാവ് ഭീകരരുടെ ഒളിയാക്രമണത്തില്‍ ഉലയുന്നില്ല. മറിച്ച് രണ്ടാമത്തെ മകനെയും അദ്ദേഹം സൈന്യത്തില്‍ ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് രത്തന്‍. മകന്റെ വിയോഗത്തില്‍ കടുത്ത വിഷമം ഉണ്ടെങ്കിലും വീരമൃത്യു വരിച്ച ജവാന്റെ പിതാവ് കരയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനികവ്യൂഹത്തിലുണ്ടായിരുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ഇവരില്‍ വയനാട് സ്വദേശി വി വി വസന്തകുമാറും ഉള്‍പ്പെടുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു വ്യാഴാഴ്ച നടന്നത്. പാക്കിസ്ഥാന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കശ്മീര്‍ സ്വദേശിയായ ആദില്‍ അഹമ്മദ് ദര്‍ ആണ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഓടിച്ചുകയറ്റിയത്. 39 ജവാന്മാരുടെ മരണത്തിന് പകരം ചോദിക്കണമെന്ന വികാരവും ശക്തമാണ്. പ്രധാനമന്ത്രിയുടെ പ്രതികരണവും ഇതുപോലെ തന്നെയാണ്.

തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പാക്കിസ്ഥാന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രി സഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ‘ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്നാണ് തീരുമാനം. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related posts