ഒരുപാടുപേരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോളിന്റെ ഉയർന്ന നില താഴുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ‘ഡയോസ്ജെനിൻ’ എന്ന രാസഘടകമാണ് കൊളസ്ട്രോളിന്റെ ഉയർന്ന നില കുറയ്ക്കാൻ സഹായിക്കുന്നത് എന്നാണ് കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ഇംഗ്ളണ്ടിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിട്ടുള്ളത്. അപൂർവമായി ചിലരിൽ ഉലുവ കഴിക്കുന്നതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നും മനസിലായിട്ടുണ്ട്.
സ്തനങ്ങളുടെ ആരോഗ്യത്തിന്
സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ ഉലുവ സഹായിക്കും എന്ന വിശ്വാസം തലമുറകളായി പല രാജ്യങ്ങളിലും നിലവിലുള്ളതാണ്. ഡയോസ്ജെനിൻ എന്ന രാസപദാർഥത്തിന് സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. സ്തനങ്ങളിലെ കോശങ്ങൾ വർധിപ്പിച്ച് സ്തനങ്ങളുടെ വലിപ്പം കൂടുന്നത് അങ്ങനെയാണ്.
അമിതഭാരം കുറയ്ക്കാൻ
രാവിലത്തെ ആഹാരത്തിന്റെ കൂടെ ഉലുവ വേവിച്ചതു കഴിച്ചവരിൽ പലരിലും അമിത ശരീരഭാരം കുറയുന്നതായി മനസിലായിട്ടുണ്ട്. വിശപ്പ് ഉണ്ടാകുന്നില്ല എന്നു പറയുന്നവർക്ക് ഉലുവ വേവിച്ചു കഴിക്കാൻ കൊടുക്കുന്നത് ജർമനിയിൽ അംഗീകരിക്കപ്പെട്ട ഒരു ചികിത്സാ രീതിയാണ് എന്ന് വായിച്ചിട്ടുണ്ട്.
ലൈംഗിക ശേഷിക്ക്
കുറച്ചു കൊല്ലങ്ങൾക്കു മുൻപ് ആസ്ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ഉലുവ ഉപയോഗിച്ച് തയാറാക്കിയ ഒരു ഫുഡ് സപ്ളിമെന്റ് കഴിച്ച കുറേ പേരിൽ ലൈംഗിക ശേഷി വളരെ നല്ല നിലയിലാകുന്നതായി കാണുവാൻ കഴിഞ്ഞു എന്നാണ്. പേശികളുടെ ദൃഢത കൂടുകയും ചെയ്യുകയുണ്ടായി എന്നും പറയുന്നുണ്ട്. ഹോർമോണുകളുടെ നില നല്ല അവസ്ഥയിൽ ആകാൻ സഹായിക്കുന്ന ചില രാസപദാർത്ഥങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതായിരിക്കണം ഈ നല്ല ഫലങ്ങൾ ലഭിക്കുന്നതിനു സഹായിക്കുന്നത്. ഈ വിഷയത്തിൽ ഇനിയും ഒരുപാട് പഠനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
വിളർച്ചയ്ക്കു പരിഹാരം
മലബന്ധം അനുഭവിക്കുന്നവർക്ക് പരിഹാരം കാണാൻ ഉലുവയുടെ ഇല നല്ലതാണ്. വിളർച്ചയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാൻ ഇതുതന്നെ മതിയാകും. പ്രായപൂർത്തി ആകുന്ന സമയത്ത് പെൺകുട്ടികളിൽ പല അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാനും വളർച്ച ത്വരിതപ്പെടുത്താനും സഹായകം.
സ്വയംചികിത്സ വേണ്ട
ഇങ്ങനെയൊക്കെ ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് കരുതി നാളെ മുതൽ തന്നെ ധാരാളം ഉലുവ തിന്നു തുടങ്ങാം എന്നൊന്നും ആരും തീരുമാനം എടുക്കരുത്. കാരണം, ഈ വിഷയത്തിൽ പഠനങ്ങൾ പൂർണമായും നടന്നിട്ടുണ്ട് എന്ന് പറയാറായിട്ടില്ല. മാത്രമല്ല, ഉലുവ കൂടിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ശാസ്ത്രീയമായി അറിയില്ല. എന്തായാലും ഗർഭിണികളും ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികളും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. ഉലുവ ഔഷധമാണ്. അത് ഉപയോഗിക്കുന്നതിന് ആഗ്രഹിക്കുന്നവർ ആദ്യം ഒരു ഡോക്ടറെ സന്ദർശിച്ചു വിവരം പറയണം. ഡോക്ടർ എന്തെങ്കിലും പരിശോധനകൾ നിർദ്ദേശിക്കുകയാണെങ്കിൽ അത് ചെയ്യണം. ഡോക്ടറുടെ ഉപദേശം അനുസരിച്ച് ഉള്ള അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393
