എല്ലാ വീടുകളിലും അടുക്കളയിലെ ഒരു അവിഭാജ്യ പദാർത്ഥമാണ് ഉലുവ. കറികളിൽ മണവും രുചിയും ലഭിക്കുന്നതിന് മാത്രമായാണ് ഉലുവ ഇങ്ങനെ അടുക്കളയിൽ സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാൽ, ഒരുപാടൊരുപാട് ഔഷധമൂല്യങ്ങളുടെ കലവറയാണ് ഉലുവ എന്ന സത്യം ഇത് പതിവായി കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം പേർക്കും അറിയില്ല. ആയുർവേദത്തിലും ചൈനയിലെ പാരമ്പര്യ ചികിത്സയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. ഹിപ്പോക്രാറ്റിസും ഗ്രീസിലെയും റോമിലെയും ചികിത്സകരും ഉലുവ ഔഷധമായാണ് ഉപയോഗിച്ചിരുന്നത് എന്ന് ചരിത്ര രേഖകളിൽ പറയുന്നുണ്ട്.
മുലപ്പാലിന്റെ പരിശുദ്ധിക്ക്
പുരാതന കാലത്തെ ചികിത്സകർ ഉലുവ വ്രണങ്ങളിലും പരിക്കേറ്റ ഭാഗങ്ങളിലും ലേപനമായി ഉപയോഗിച്ചു വന്നിരുന്നതായി കാണുന്നുണ്ട്. പനി, ശ്വാസകോശരോഗങ്ങൾ, ദഹനേന്ദ്രിയ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ മരുന്നായി ഉലുവ ഉപയോഗിച്ച ു വന്നിരുന്നു. പ്രസവം എളുപ്പത്തിൽ നടക്കുന്നതിന് ഉലുവയ്ക്ക് കഴിവുള്ളതായി ഒരു വിശ്വാസം നിലനിന്നിരുന്നു. മുലപ്പാലിന്റെ അളവും പരിശുദ്ധിയും നല്ല നിലയിൽ ആകുന്നതിനായി ഇന്ത്യയിലെ സ്ത്രീകൾ തലമുറകളായി ഉലുവ ഉപയോഗിച്ച് വരുന്നുണ്ട്. പുരുഷന്മാരിൽ കാണുന്ന കഷണ്ടിക്ക് പരിഹാരം കാണാൻ ഉലുവ സഹായിക്കും എന്ന ഒരു വിശ്വാസം കൂടി ചരിത്രത്തിൽ ചിലയിടങ്ങളിൽ കാണാൻ കഴിയും.
പൊണ്ണത്തടി കുറയാൻ
കുറച്ചു കൊല്ലങ്ങളായി ഉയർന്ന നിലയിലുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും നില സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനായി ഉലുവ കഴിക്കാൻ ഒരുപാടു ഡോക്ടർമാർ രോഗികളോടു പറയുന്നുണ്ട്. ശരീരത്തിന് അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ അവ കുറയ്ക്കുന്നതിനും ലൈംഗികശേഷി നല്ല നിലയിൽ ആകുന്നതിനും കൂടി ഉലുവ ഉപകരിക്കും. പ്രമേഹം ഉള്ളവരിൽ ബഹുഭൂരിപക്ഷം പേരിലും ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതാണ്.
പ്രമേഹം ഇല്ലാത്തവർ കഴിച്ചാലോ?
പ്രമേഹം ഇല്ലാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തോന്നിയ പോലെ ഉലുവ കഴിക്കുകയാണെങ്കിൽ അതു ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ നില താഴുന്നതിനും അതോടനുബന്ധിച്ച് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകാവുന്നതാണ്. എലികളിൽ നടത്തിയ പഠനങ്ങളിലും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നിലയിൽ കുറവ് വരുന്നതായി മനസിലാക്കാനായിട്ടുണ്ട്.
വേദനസംഹാരി
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നുണ്ട്. പിന്നെ കുറേ രാസഘടകങ്ങളും ഉണ്ട്. പല ഗവേഷണ ഫലങ്ങളിലും പറയുന്നത്, നീർക്കെട്ട് കുറയ്ക്കാൻ ഉള്ള കഴിവും ഉലുവയുടെ ഗുണങ്ങളിൽ കാണുന്നുണ്ട് എന്നാണ്. അങ്ങനെ വേദനാ സംഹാരിയായും ഉലുവ കണക്കാക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഈ ഗുണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ചില വിദഗ്ധർ അനുമാനിക്കുന്നത്. പ്രമേഹ രോഗികൾ ഇരുപത്തിയഞ്ച് ഗ്രാം ഉലുവ വേവിച്ച് മൂന്നു നേരമായി കഴിച്ചാൽ നല്ല ഫലം കിട്ടുമെന്നാണ് കാണാൻ കഴിയുന്നത്. കാൻസറിനെ പ്രതിരോധിക്കാനും ഉലുവയെ ആശ്രയിക്കാവുന്നതാണ്.
പല പഠനങ്ങളിൽ നിന്നും പ്രമേഹം ബാധിച്ചവരിൽ ഉലുവ കഴിക്കുന്നതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില താഴുന്നതായി മനസിലായിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഈ ഗുണം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഈ മേഖലയിൽ ഇനിയും കുറേയേറെ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393
